പത്തനംതിട്ട : പത്ത് വർഷത്തിലധികമായി പണി നടക്കാതിരുന്ന താഴെ വെട്ടിപ്രം - മേലെ വെട്ടിപ്രം റോഡ് ടാർ ചെയ്തു. തകർന്ന് തരിപ്പണമായ റോഡിലൂടെ കാൽനട യാത്രപോലും ബുദ്ധിമുട്ടായിരുന്നു. ഈ മാസം 2ന് കേരള കൗമുദി ഇത് സംബന്ധിച്ച് വാർത്ത പ്രസിദ്ധീകരിച്ചിരുന്നു.
കഴിഞ്ഞ തദ്ദേശ സ്വയംഭരണ തിരഞ്ഞെടുപ്പിന് മുമ്പ് അറ്റകുറ്റപ്പണിക്കായി മെറ്റിൽ ഇറക്കിയിരുന്നു. ഒന്നര കിലോമീറ്ററുള്ള റോഡിന്റെ മുന്നൂറ് മീറ്റർ മാത്രം ടാർ ചെയ്തെങ്കിലും അടുത്തദിവസം പെയ്ത മഴയിൽ ടാർ ഒലിച്ചുപോയി. പിന്നീട് പണിയിൽ അഴിമതി നടന്നതിനാൽ കോടതി സ്റ്റേ നൽകി. പിന്നീട് പണി ആരംഭിച്ചതുമില്ല. രണ്ടായിരത്തിലധികം കുട്ടികൾ പഠിക്കുന്ന സി.ബി.എസ്.ഇ സ്കൂളും ഈ റൂട്ടിലുണ്ട്. സ്കൂൾ ബസിനും പോകാൻ പറ്റാത്ത സ്ഥിതിയായിരുന്നു റോഡിന്. നഗരസഭയിലെ 7,8,11,12 വാർഡുകളിലൂടെയാണ് റോഡ് കടന്നുപോകുന്നത്. പത്തനംതിട്ട -മൈലപ്ര റോഡിൽ തുടങ്ങി പത്തനംതിട്ട - കടമ്മനിട്ട റോഡിലാണ് അവസാനിക്കുന്നത്. മഴ കാരണമാണ് പണി വൈകുന്നതെന്ന് നഗരസഭാ അധികൃതർ കേരളകൗമുദിയോട് പറഞ്ഞിരുന്നു. ഒരാഴ്ച മുമ്പാണ് റോഡിന്റെ പണി പൂർത്തീകരിച്ചത്.