
അടൂർ: സെമി ഹൈസ്പീഡ് റെയിൽ പദ്ധതി പിണറായി സർക്കാർ നടപ്പാക്കുകതന്നെ ചെയ്യുമെന്ന് സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ പറഞ്ഞു. സി.പി.എം പത്തനംതിട്ട ജില്ലാ സമ്മേളനത്തിന്റെ ഭാഗമായുള്ള പൊതുസമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ഭൂമി നഷ്ടപ്പെടുന്നവരുടെ പുനരധിവാസം ഉറപ്പാക്കും. അവരെ കണ്ണീര് കുടിപ്പിക്കില്ല. കെ റെയിലിനെതിരായ ദുഷ്പ്രചാരണങ്ങളെ സി.പി.എം തുറന്നുകാട്ടും. നേതാക്കളും പ്രവർത്തകരും വീടുകളിലെത്തി പദ്ധതിയെപ്പറ്റി ബോധവത്കരണം നടത്തും.
ഇന്ത്യയിൽ പന്ത്രണ്ട് സംസ്ഥാനങ്ങളിൽ ഇതുപോലുള്ള പദ്ധതി നടപ്പാക്കിയിട്ടുണ്ട്. ബി.ജെ.പി ഇവിടെ പദ്ധതിയെ എതിർക്കുന്നത് രാഷ്ട്രീയ ലക്ഷ്യംവച്ചാണ്. യു.ഡി.എഫ്, ബി.ജെ.പി, ജമാ അത്തെ ഇസ്ളാമി കൂട്ടുകെട്ടാണ് പദ്ധതിയെ അട്ടിമറിക്കാൻ ശ്രമിക്കുന്നത്. ആർ.എസ്.എസിന്റെ ആക്രമണങ്ങൾക്ക് ഏറ്റവും കൂടുതൽ ഇരയാകുന്നത് മുസ്ളീങ്ങളാണ്. ക്രിസ്ത്യാനികളും ആക്രമിക്കപ്പെടുന്നു. ആരാധനാലയങ്ങൾ ആക്രമിച്ചശേഷം തങ്ങൾ പോപ്പിനെ ഇന്ത്യയിലേക്ക് ക്ഷണിച്ചെന്ന് പറഞ്ഞ് മതമേലദ്ധ്യക്ഷൻമാരെ കാണുകയാണ് ബി.ജെ.പി നേതാക്കളെന്നും കോടിയേരി പറഞ്ഞു.