റാന്നി: റോഡു പുനരുദ്ധാരണത്തിനായി മണ്ണെടുത്തു മാറ്റിയപ്പോൾ തകർന്ന കുടിവെള്ള വിതരണ പൈപ്പുകൾ മാറ്റാതായതോടെ കുടിവെള്ളം ഇല്ലാതായി നാട്ടുകാർ.പരാതികൾ നിരവധി കൊടുത്തിട്ടും തിരിഞ്ഞു നോക്കാതെ ഉദ്യോഗസ്ഥരും ജനപ്രതിനിധികളും.കുടമുരട്ടി കൊച്ചുകുളം,കൊച്ചുകുളംതടം,മാലൂർപടി,വടക്കേക്കര മേഖലകളിലാണ് മൂന്നു മാസമായി കുടിവെള്ളം ഇല്ലാതായത്.നാളുകളായി തകർന്നു സഞ്ചാരയോഗ്യമല്ലാതെ കിടന്ന കുടുമുരട്ടികൊച്ചുകുളം അംബേദ്കർ റോഡ് ഗതാഗത സജ്ജമാക്കാനായി നിർമ്മാണം നടത്തവെയാണ് കുടിവെള്ള വിതരണ പൈപ്പുകൾ തകർന്നത്. മണ്ണുമാന്തി യന്ത്രം ഉപയോഗിച്ച് നിർമ്മാണം നടത്തിയതോടെയാണ് പൈപ്പുകൾ തകർന്നത്. നാറാണംമൂഴി പഞ്ചായത്തിലെ ഉയർന്ന പ്രദേശങ്ങളായ ഇവിടെ കടുത്ത ജലക്ഷാമമാണ് അനുഭവിക്കുന്നത്. വേനലിന്റെ തുടക്കത്തിലെ കനത്ത വില നൽകി കുടിവെള്ളം വാങ്ങേണ്ട സ്ഥിതിയിയാണ് നാട്ടുകാർ.പമ്പാനദിയിലെ കുടമുരട്ടി പമ്പു ഹൗസിൽ നിന്നും കൊച്ചുകുളം തടത്തിലുള്ള സംഭരണിയിൽ വെള്ളം എത്തിക്കുന്ന പ്രധാന പൈപ്പാണ് തകർന്നത്. ഇവിടുത്തെ സംഭരണിയിൽ വെള്ളം ശേഖരിച്ച് വിതരണം ചെയ്യുന്നതായിരുന്നു പദ്ധതി.നിരവധി ഗാർഹിക കണക്ഷനുകളുള്ള പദ്ധതി മുടങ്ങിയതോടെ നാട്ടുകാർ ദുരിതത്തിലായിരിക്കുകയാണ്.വെള്ളം ഇല്ലാതായതോടെ മൂന്നു കിലോമീറ്റർ സഞ്ചരിച്ച് പമ്പാനദിയിലെ കട്ടിക്കല്ലരുവിയിലെത്തി വേണം നാട്ടുകാർക്ക് കുളിക്കുവാനും തുണികൾ കഴുകുവാനും. വേനൽ കടുക്കുന്നതോടെ കൂടുതൽ ദുരിതത്തിലാവുമെന്ന ആശങ്കയിലാണ് നാട്ടുകാർ. എത്രയും വേഗം അധികൃതർ ഇടപെട്ട് പൈപ്പുലൈൻ നന്നാകണമെന്നാണ് നാട്ടുകാരുടെ ആവശ്യം.