ചിറ്റാർ: ജനവാസകേന്ദ്രത്തിൽ ഇറങ്ങിയ പുലിയെ വനപാലകർ കെണിവച്ചുപിടിച്ചു. ആങ്ങമൂഴി മുരിക്കിനിയിൽ സുരേഷിന്റെ വീട്ടിലെ ആട്ടിൻകൂട്ടിൽ കയറിയ പുലിയെയാണ് വനംവകുപ്പ് ഉദ്യോഗസ്ഥർ പിടികൂടിയത്. മുൻകാലിന് പരിക്കേറ്റനിലയിലായിരുന്നു. ആട്ടിൽകൂട്ടിൽ പുലി നിൽക്കുന്നത് കണ്ടതോടെ വീട്ടുകാർ പൊലീസിനെയും വനംവകുപ്പിനെയും വിവരമറിയിക്കുകയായിരുന്നു. ഉടൻ സ്ഥലത്തെത്തിയ വനപാലകർ വലവിരിച്ച് പുലിയെ കൂട്ടിലാക്കി. പരിക്കേറ്റ് അവശനിലയിലായതിനാൽ പുലി ആരെയും ആക്രമിക്കാനോ ചാടിപ്പോകാനോ ശ്രമിച്ചില്ല. റാന്നി ആർ.ആർ.പി ഓഫീസിലെത്തിച്ച പുലിയെ വനംവകുപ്പ് ഡോക്ടർ പരിശോധിച്ചു. തുടർന്ന് വണ്ടിപെരിയാറിലേക്ക് നിരീക്ഷണത്തിനായി മാറ്റി.