തിരുവല്ല: അപ്പർകുട്ടനാടൻ മേഖലയിൽ ഇത്തവണ 1960 ഹെക്ടറിൽ നെൽകൃഷി ചെയ്യുന്നതിനുള്ള ഒരുക്കങ്ങൾ പുരോഗമിക്കുകയാണ്. കനത്തമഴയെ തുടർന്ന് ഇത്തവണ ഒന്നര മാസത്തോളം വൈകിയാണ് കൃഷിക്കുള്ള ജോലികൾ തുടങ്ങിയത്. വിളവെടുക്കാൻ 120 ദിവസം വേണ്ടിവരുന്ന ഉമ, 90 ദിവസം വേണ്ടിവരുന്ന മനുരത്ന തുടങ്ങിയ വിത്തിനങ്ങളാണ് കർഷകർ തിരഞ്ഞെടുത്തത്. പെരിങ്ങര,നിരണം, നെടുമ്പ്രം,കുറ്റൂർ,കടപ്ര പഞ്ചായത്തുകളിൽ നെൽകൃഷി ചെയ്യുന്നതിനുള്ള വിതയ്ക്കൽ തുടങ്ങി. ജനുവരി പകുതിയോടെ വിത്ത് വിതയ്ക്കാൻ പൂർത്തിയാകും.ഏപ്രിൽ അവസാനം,മേയ് ആദ്യം വിളവെടുക്കാമെന്ന പ്രതീക്ഷയിലാണ് കർഷകർ. തരിശുനിലങ്ങളിലും നെൽകൃഷി ചെയ്യാനുള്ള പരിശ്രമങ്ങളാണ് കൃഷിവകുപ്പ് അധികൃതരുടെ നേതൃത്വത്തിൽ നടക്കുന്നത്. നെൽകൃഷി ഇല്ലെങ്കിൽ പച്ചക്കറി കൃഷി ചെയ്യാനും ശ്രമം തുടങ്ങിയിട്ടുണ്ട്.
കാക്കയിൽ പാടത്തും ഇത്തവണ നെൽകൃഷി
തിരുവല്ല: കാൽനൂറ്റാണ്ടിലേറെയായി തരിശുകിടന്ന കാക്കയിൽ പാടശേഖരത്തിൽ ഇത്തവണ കൃഷിയിറക്കും. നെൽകൃഷിക്കായി ഇന്ന് വിത്ത് വിതയ്ക്കുന്നതിനുള്ള ഒരുക്കങ്ങൾ പൂർത്തിയാക്കി. കടപ്ര പഞ്ചായത്തിലെ 12-ാം വാർഡിലാണ് 40 ഏക്കർ പാടശേഖരം. അടിസ്ഥാന സൗകര്യങ്ങൾ ഇല്ലാതിരുന്നതോടെ ഇവിടുത്തെ കൃഷി മുമ്പ് കർഷകർ ഉപേക്ഷിച്ചതാണ്. എന്നാൽ ഇത്തവണ കണ്ടങ്കരി വിനയഭവനത്തിൽ ഉണ്ണികൃഷ്ണൻനായരുടെ മേൽനോട്ടത്തിലാണ് കൃഷി നടത്തുന്നത്. അഞ്ച് ട്രാക്ടറുകളോടൊപ്പം ഒരു ഹിറ്റാച്ചി യന്ത്രവും ഉപയോഗിച്ചാണ് നിലം ഒരുക്കിയെടുത്തത്. 10 ദിവസമായി കർഷകർ നടത്തിയ ശ്രമഫലമായാണ് തരിശുഭൂമിയെ പാടശേഖരമായി മാറ്റിയെടുക്കാനായത്. വേങ്ങാഴിയിൽ വീടിനോട് ചേർന്നാണ് മോട്ടോർ സ്ഥാപിച്ചിരിക്കുന്നത്. പമ്പയാറിനോട് ചേർന്നുകിടക്കുന്ന പാടശേഖരമായതിനാൽ ജലദൗർലഭ്യം ഉണ്ടാകില്ല. എന്നാൽ പ്രളയം വന്നാൽ ആദ്യം ബാധിക്കുക ഇവിടെയുമാകും.കൃഷിവകുപ്പിന്റെ തരിശുനില കൃഷിക്കുള്ള ആനുകൂല്യവും ഇൻഷുറൻസ് പരിരക്ഷയും കൃഷിക്ക് ലഭിക്കും.മനുരത്‌ന ഇനം വിത്താണ് വിതയ്ക്കുന്നത്.അടുത്ത ഏപ്രിലിൽ വിളവെടുക്കാവുന്ന വിധത്തിലാണ് കൃഷിയുടെ ഒരുക്കങ്ങൾ നടത്തുന്നത്.
പുതുവർഷത്തിൽ പച്ചക്കറിത്തൈകൾ
പുളിക്കീഴിലെ കൃഷി അസി.ഡയറക്ടറുടെ ഓഫീസിൽ നിന്നും ജനുവരി ആദ്യവാരത്തിൽ പച്ചക്കറി തൈകൾ കർഷകർക്ക് ലഭ്യമാക്കും.പയർ,പാവൽ,തക്കാളി, വഴുതന,വെണ്ട എന്നിവയുടെ 20 ദിവസം വരെ പ്രായമുള്ള തൈകളാണ് വിതരണം ചെയ്യുന്നത്. 50 ദിവസത്തിനുള്ളിൽ ഇവയുടെ വിളവെടുക്കാനാകും.
-വിളവെടുക്കാൻ 120 ദിവസം വേണ്ടിവരുന്ന ഉമ,
90 ദിവസം വേണ്ടിവരുന്ന മനുരത്ന വിത്തിനങ്ങൾ