അടൂർ : കാർ, ടൂവീലർ ഉൾപ്പെടെയുള്ള വാഹനങ്ങളുമായി നഗരത്തിലെത്തി കെ.എസ്.ആർ.ടി.സി ബസുകളേയും സ്വകാര്യ ബസുകളേയും ആശ്രയിക്കുന്നവർക്ക് ഇനി വാഹനം പാർക്ക് ചെയ്യാൻ ദൂരെയെങ്ങും പോകേണ്ട. തുശ്ചമായ ദിവസ, മാസ വാടക അടിസ്ഥാനത്തിൽ പണം നൽകി കെ.എസ്.ആർ.ടി.സി ഡിപ്പോയിലെ പേ ആൻഡ് പാർക്കിൽ പാർക്ക്ചെയ്യാം. വിവിധ തലങ്ങളിലൂടെ വരുമാനം വർദ്ധിപ്പിക്കാൻ കെ.എസ്.ആർ.ടി.സി കണ്ടെത്തിയ മാർഗങ്ങളിലൊന്നാണ് നാളെ മുതൽ അടൂർ ഡിപ്പോയിൽ നടപ്പിലാകുന്നത്. ഡിപ്പോയ്ക്കുള്ളിൽ ഇല്ലത്ത്കാവ് ക്ഷേത്രത്തിന് മുന്നിലായി ഉപയോഗശൂന്യമായികിടന്ന സ്ഥലമാണ് ഇതിനായി സജ്ജമാക്കിയിരിക്കുന്നത്. ഇവിടെ നാൽപ്പതോളം കാറുകൾക്കും, 75 ഒാളം ഇരുചക്രവാഹനങ്ങൾക്കും പാർക്ക് ചെയ്യുന്നതിനുള്ള സൗകര്യമുണ്ട്. നിലവിൽ അടൂരിലെ സ്വകാര്യ പേ ആൻഡ് പാർക്കുകളിലും വഴിയോരങ്ങളിലുമാണ് സർക്കാർ ഉദ്യോഗസ്ഥർ ഉൾപ്പെടെയുള്ള ബസ് യാത്രികർ വാഹനങ്ങൾ പാർക്ക് ചെയ്യുന്നത്. നഗരഹൃദയത്തിലെ ടൗൺ യു.പി സ്കൂളിന് മുന്നിലായി തിരക്കേറിയ പാതയോരത്ത് അതിരാവിലെ മുതൽ പാർക്ക് ചെയ്യുന്ന വാഹനങ്ങൾ സന്ധ്യയോടെയാണ് കൊണ്ടുപോകുന്നത്. ചെലവില്ലാതെ പാർക്ക് ചെയ്യാമെന്നതിനാൽ സ്ഥിരം ആൾക്കാർതന്നെയാണ് വഴിയോരങ്ങൾ കൈയടക്കുന്നത്. ഫലമോ നഗരത്തിൽ അത്യാവശ്യകാര്യങ്ങൾക്കായി എത്തുന്നവർക്ക് അൽപ്പനേരത്തേക്ക് വാഹനങ്ങൾ പാർക്ക് ചെയ്യണമെന്ന് വിചാരിച്ചാൽ യാതൊരുമാർഗവുമില്ല.മണിക്കൂറുകളോളം തെരുവോരം കൈയേറുന്ന സ്ഥിരമാളുകളെ കണ്ടെത്തി നടപടി സ്വീകരിക്കുന്നതിന് ട്രാഫിക് പൊലീസ് തയാറാകാത്തതും ഇക്കൂട്ടർക്ക് സഹായകരമാകുന്നു.
കൂടുതൽ ആളുകൾക്ക് സഹായം
കെ.എസ്.ആർ.ടി.സി ബസ് സ്റ്റാന്റിൽ ബസ് യാത്രികരുടെ വാഹനങ്ങൾ പാർക്ക് ചെയ്യുന്നതിന് സംവിധാനം ഒരുക്കുന്നതോടെ കൂടുതൽ ആളുകൾക്ക് സഹായകമാകും. കെ.എസ്. ആർ.ടി.സി ബസുകൾ പ്രവേശിക്കുന്ന പ്രധാന കവാടത്തിലൂടെതന്നെയാണ് പേ ആൻഡ് പാർക്കിംഗിലേക്ക് വരുന്ന വാഹനങ്ങൾ കയറുന്നതിനും ഇറങ്ങുന്നതിനും സൗകര്യം ഒരുക്കിയിരിക്കുന്നത്.
.........
ടൂവീലർ പാർക്കിംഗ് വാടക
12 മണിക്കൂറിന് 10 രൂപ,
24 മണിക്കൂറിന് 20 രൂപ,
ഒരുമാസത്തേക്ക് 400 രൂപ.
..........
ഫോർവീലർ വാഹനങ്ങളുടെ വാടക
ആറ് മണിക്കൂറിന് - 25 രൂപ
12 മണിക്കൂറിന് - 40 രൂപ
24 മണിക്കൂറിന് - 50 രൂപ.
ഒരുമാസത്തേക്ക് - 750 രൂപ