പ്രമാടം : പ്രമാടം പഞ്ചായത്തിലെ ളാക്കൂരിൽ കുടിവെള്ളക്ഷാമം രൂക്ഷമായി. കനത്ത വേനലിനൊപ്പം ജല അതോറിറ്റിയുടെ ശുദ്ധജല വിതരണവും താറുമാറായതോടെ കിലോമീറ്ററുകൾ താണ്ടിയും വില നൽകിയുമാണ് പ്രദേശവാസികൾ കുടിവെള്ളം ശേഖരിക്കുന്നത്. കോളനി ഉൾപ്പെടെയുള്ള പ്രദേശത്തെ ഭൂരിഭാഗം കുടുംബങ്ങളും പൈപ്പുവെള്ളത്തെ ആശ്രയിച്ചാണ് ജീവിക്കുന്നത്. പതിവിന് വിപരീതമായി ഇത്തവണ വേനൽ നേരത്തെ കനത്തതോടെ ടാങ്കറുകളിൽ കുടിവെള്ളം എത്തിക്കാൻ പഞ്ചായത്തും നടപടി സ്വീകരിച്ചിട്ടില്ല. അച്ചൻകോവിലാറ്റിലെ പ്ളാക്കൽ കടവിൽ നിന്നാണ് ളാക്കൂർ മേഖലയിലേക്കുള്ള വെള്ളം പമ്പ് ചെയ്യുന്നത്. മോട്ടോറുകളുടെ ശേഷിക്കുറവും വോൾട്ടേജ് ക്ഷാമവുമാണ് പമ്പ് ഹൗസിന്റെ പ്രവർത്തനം താളം തെറ്റിക്കുന്നത്. കുടിവെള്ള വിതരണം കാര്യക്ഷമമാക്കണമെന്ന് ആവശ്യപ്പെട്ട് വാട്ടർ അതോറി​റ്റി പത്തനംതിട്ട എക്‌സിക്യൂട്ടീവ് എൻജിനിയർക്കും പമ്പ് ഹൗസിലെ വോൾട്ടേജ് ക്ഷാമം പരിഹരിക്കണമെന്ന് ആവശ്യപ്പെട്ട് കെ.എസ്.ഇ.ബി പത്തനംതിട്ട എക്‌സിക്യൂട്ടീവ് എൻജിനിയർക്കും പ്രമാടം പഞ്ചായത്ത് കത്ത് നൽകിയിട്ടുണ്ടെങ്കിലും പ്രശ്നങ്ങൾ പൂർണമായും പരിഹരിക്കാൻ കഴിഞ്ഞിട്ടില്ല. വോൾട്ടേജ് ഇല്ലാത്തതിനാൽ ഒരു മോട്ടോർ മാത്രമാണ് മിക്ക ദിവസങ്ങളിലും പ്രവർത്തിപ്പിക്കുന്നത്. ഇതുമൂലം ആഴ്ചകളായി കോളനി ഉൾപ്പെടെയുള്ള ഉയർന്ന പ്രദേശങ്ങളിൽ ദിവസങ്ങളായി കുടിവെള്ളം എത്തുന്നില്ല. ജല അതോറിറ്റിയുടെ പൈപ്പുപൊട്ടലും ചോർച്ചയും കാരണം കുടിവെള്ളം പാഴാകുന്നതും പതിവ് കാഴ്ചയാണ്.