കടമ്പനാട്: മഴക്കാലത്ത് തകർന്ന കല്ലട പദ്ധതിയുടെ സബ് കനാൽ നന്നാക്കാൻ നടപടിയെടുക്കണമെന്ന് ആവശ്യപ്പെട്ട് കടമ്പനാട് പഞ്ചായത്തിലെ 14-ാം വാർഡ് നിവാസികൾ പ്രക്ഷോഭത്തിലേക്ക്. കടമ്പനാട് ഇ.എസ്.ഐ ജംഗ്ഷനിൽ നിന്നും ആരംഭിച്ച 14-ാം വാർഡിൽ കൂടി കടന്ന് കൊല്ലം ജില്ലയിലെ ഇടയ്ക്കാട് ഭാഗത്തേക്ക് പോകുന്ന സബ് കനാലാണ് കഴിഞ്ഞ മഴക്കാലത്ത് തകർന്നത്. ശക്തമായ വെള്ളപ്പാച്ചിലിൽ കനാലിന്റെ ഒരു ഭാഗം തകർന്ന് സമീപത്ത് കൃഷികൾ ഉൾപ്പെടെ ഒട്ടേറെ നാശനഷ്ടങ്ങളും ഉണ്ടായി. തുടർന്ന് തകർന്ന കനാൽ ഭാഗം പുനർ നിർമ്മിക്കുന്നതിന് ഇറിഗേഷൻ അധികൃതർ തയാറായിട്ടില്ലെന്ന് നാട്ടുകാർ ആരോപിക്കുന്നു. വരാൻ പോകുന്ന വരൾച്ചയിൽ കനാൽ തകർന്നു കിടക്കുന്നതിനാൽ വകുപ്പ് വെള്ളം തുറന്നു വിടാൻ സാദ്ധ്യതയില്ലെന്നാണ് നാട്ടുകാരുടെ വിലയിരുത്തൽ. ഇങ്ങനെ ഉണ്ടായാൽ കൃഷികൾ മുഴുവൻ നശിക്കുമെന്നും നാട്ടുകാർ പറയുന്നു. കനാൽ പുനരുദ്ധീകരണത്തിന് പണം അനുവദിക്കണമെന്ന് സി.പി.എം അടൂർ ഏരിയാ കമ്മിറ്റി അംഗം ആർ.സുരേഷ് കുമാർ ആവശ്യപ്പെട്ടു. ജനുവരി അഞ്ചിന് കൊട്ടാരക്കര കെ.ഐ.പി എക്സിക്യൂട്ടീവ് എൻജിനീയറുടെ ഓഫീസ് പടിക്കൽ സി.പി.എമ്മിന്റെ നേതൃത്വത്തിൽ ധർണ നടത്തുമെന്നും സുരേഷ് കുമാർ പറഞ്ഞു.