ചെങ്ങന്നൂർ: ശബരിമല തീർത്ഥാടകർക്കായി ചെങ്ങന്നൂരിൽ അധികൃതർ വാഗ്ദാനം ചെയ്തത് നിരവധി പദ്ധതികൾ. പക്ഷേ മണ്ഡലകാലം അവസാനിച്ചിട്ടും ഇവയിലൊന്നുപോലും നടപ്പായില്ല. ശബരിമല ഇടത്താവളം, പുത്തൻകാവ് പാലത്തിന്റെ പൂർത്തീകരണം, കെ.എസ്.ആർ.ടി.സി ബസുകളുടെ സമയ നഷ്ടവും ഇന്ധന നഷ്ടവും ഒഴിവാക്കാൻ പുതിയ വഴി, സസ്യാഹാരശാല, ചെന്നൈ കൊങ്കൺവഴിയുളള ട്രെയിൻ സർവീസുകൾക്ക് ചെങ്ങന്നൂരിൽ സ്റ്റോപ്പ്, തീർത്ഥാടകർക്ക് സൗജന്യ ആർ.ടി.പി.സി. ആർ ടെസ്റ്റ് ഇങ്ങനെ പോകുന്നു നേരത്തെ നടന്ന തീർത്ഥാടന അവലോകനയോഗത്തിൽ ഉണ്ടായ തീരുമാനങ്ങൾ. കഴിഞ്ഞ നവംബർ 12ന് മന്ത്രി സജിചെറിയാനും 15ന് കൊടിക്കുന്നിൽ സുരേഷ് എം.പിയുംപ്രത്യേകം പ്രത്യേകം വിളിച്ചുചേർത്ത അവലോകന യോഗങ്ങളിലായിരുന്നു ഇവ പ്രഖ്യാപിച്ചത്.

'വാക്കിലൊതുങ്ങിയ ' വാഗ്ദാനങ്ങൾ


@ പത്തു കോടി ചെലവഴിച്ച് ചെങ്ങന്നൂർ മഹാദേവ ക്ഷേത്രത്തിൽ ശബരിമല ഇടത്താവളത്തിന്റെ നിർമ്മാണം ആരംഭിച്ചെന്നാണ് മന്ത്രി യോഗത്തിൽ പറഞ്ഞത്. എന്നാൽ വിശ്രമകേന്ദ്രത്തിന് വർഷങ്ങൾക്ക് മുമ്പിട്ട തറക്കല്ലുമാത്രമാണ് ഇപ്പോഴും ഇവിടെയുളളത്.

@ ചെങ്ങന്നൂരിൽ എത്തുന്ന തീർത്ഥാടകരെ കെ.എസ്.ആർ.ടി.സി ബസിൽ കോഴഞ്ചേരി, റാന്നി, വടശേരിക്കര വഴി പമ്പയിലെത്തിക്കുമെന്നായിരുന്നു മറ്റൊരു വാഗ്ദാനം. ഇതുവഴി 10 കിലോമീറ്റർ ദൂരക്കുറവ് ഉണ്ടാകുമെന്നും ബസുകളുടെ ഇന്ധന നഷ്ടവുംസമയനഷ്ടവും ഇല്ലാതാകുമെന്നും പറഞ്ഞിരുന്നു. എന്നാൽ ബസുകൾ ഇപ്പോഴും പത്തനംതിട്ട വഴിയാണ് സർവീസ് നടത്തുന്നത്.

@ ശബരിമല പാതയിലെ പുത്തൻകാവ് പാലം മണ്ഡലകാലത്ത് പൂർത്തിയാക്കുമെന്ന മറ്രൊരു അവകാശവാദവും നടപ്പിലായില്ല. ഇതുമൂലം ചെങ്ങന്നൂരിൽ മണിക്കൂറുകൾ നീളുന്ന ഗതാഗതക്കുരുക്കാണ് . വൺവേ സംവിധാനം അടക്കമുള്ള ഗതാഗത ക്രമീകരണങ്ങൾ ചർച്ച ചെയ്ത് നടപ്പിലാക്കാൻ പൊലീസ്, മോട്ടോർ വാഹന വകുപ്പുകളെ ചുമതലപ്പെടുത്തി സൂചനാ ബോർഡുകൾ സ്ഥാപിക്കണമെന്ന നിർദ്ദേശം നൽകിയിരുന്നെങ്കിലും നടപ്പായില്ല.

@ അന്യസംസ്ഥാന തീർത്ഥാടകർക്ക് ഏറെ പ്രയോജനപ്രദമാകേണ്ട ചെന്നൈ, കൊങ്കൺ വഴിയുള്ള നിസാമുദ്ദീൻ തീവണ്ടികൾക്ക് ചെങ്ങന്നൂരിൽ സ്റ്റോപ്പ് അനുവദിക്കുമെന്നും പുതിയ സ്‌പെഷ്യൽ സർവീസുകൾ ആരംഭിക്കുമെന്നുമുളള എം.പിയുടെ പ്രഖ്യാപനവും ജലരേഖയായി. നിലവിൽ കോട്ടയം വിട്ടാൽ ഇവയ്ക്കു കൊല്ലത്താണ് ഇപ്പോഴും സ്റ്റോപ്പുള്ളത്.