റാന്നി: പുനലൂർ - മൂവാറ്റുപുഴ സംസ്ഥാന പാതയുടെ വികസനവുമായി ബന്ധപ്പെട്ട് ഇടുങ്ങിയ ചെത്തോങ്കര പാലം പൊളിച്ച് പുതിയ പാലത്തിന്റെ നിർമ്മാണം ആരംഭിച്ചു. ഉന്നത നിലവാരത്തിൽ നിർമ്മിക്കുന്ന റോഡിൽ ചെത്തോങ്കരയിലെ വീതി കുറഞ്ഞ പാലമാണ് പൊളിച്ചു നീക്കിയത് . വളവിലാണ് പാലം നിലനിന്നിരുന്നത്. രണ്ടു വാഹനങ്ങൾ ഒരേ സമയം വശം കൊടുക്കുന്നതിനും പ്രയാസം നേരിട്ടിരുന്നു. കൂടാതെ കഴിഞ്ഞ മഴക്കാലത്ത് വലിയ തോട്ടിൽ നിർമ്മിച്ച സംരക്ഷണ ഭിത്തിയും തകർന്ന നിലയിലായിരുന്നു. വളരെ ചെറിയ വെള്ളപ്പൊക്കത്തിൽ പോലും പെട്ടെന്നു വെള്ളം കയറുന്ന ഇവിടെ റോഡ് രണ്ടു മുതൽ അഞ്ചടി വരെ ഉയർത്തിയാണ് നിർമ്മിക്കുന്നത്. എരുമേലി,കോട്ടയം,വെച്ചൂച്ചിറ,ഇടമുറി തുടങ്ങിയ കിഴക്കൻ മേഖലകളിലേയ്ക്കുള്ള പ്രധാന റോഡിലെ പാലമാണ് പൊളിച്ചു പുതിയത് നിർമ്മിക്കുന്നത്. പുതിയ പാലം വരുന്നതോടെ ഇവിടുത്തെ ഗതാഗതവും സുഗമമാകും. ഇതിനു സമീപത്തു കൂടി സർവീസ് ബസുകൾക്കും മറ്റും കടന്നു പോകുന്നതിനായി താത്ക്കാലിക പാരൽ റോഡും നിർമ്മിച്ചിട്ടുണ്ട്.വലിയ തോടിനു കുറുകെ വലിയ പൈപ്പുകൾ നിരത്തിയാണ് റോഡ് നിർമ്മിച്ചിരിക്കുന്നത്. ആദ്യം ഗതാഗതം ചെട്ടിമുക്ക് വലിയകാവ് റോഡിലൂടെ ചെല്ലയ്ക്കാടെത്തി തിരിഞ്ഞു പോകുന്ന രീതിയിൽ ക്രമീകരിച്ചിരുന്നെങ്കിലും പ്രാദേശികമായി എതിർപ്പുയർന്നതോടെയാണ് ബൈ റോഡ് നിർമ്മാണത്തിന് അധികൃതരെ ചിന്തിപ്പിച്ചത്.
ചെത്തോങ്കര ഭാഗത്തെ റോഡു നിർമ്മാണം ആരംഭിച്ചു
ഇടയ്ക്ക് നിറുത്തി വെച്ചിരുന്ന എസ്.സി പടി ചെത്തോങ്കര ഭാഗത്തെ റോഡു നിർമ്മാണം വീണ്ടും ഇപ്പോൾ ആരംഭിക്കുകയും ചെയ്തിട്ടുണ്ട്. കോന്നി പ്ലാച്ചേരി റീച്ചിൽ പണികൾ തീരാതെ കിടക്കുന്ന ഭാഗവും ഇവിടെയാണ്. കെ.എസ്.ടി.പി അധികൃതരുടെ മേൽനോട്ടത്തിൽ പെരുമ്പാവൂർ ആസ്ഥാനമായ ഇ.കെ.കെ കമ്പനിക്കാണ് നിർമ്മാണ ചുമതല.
- റോഡ് രണ്ട് അടി മുതൽ 5 അടിവരെ ഉയർത്തും
- താത്ക്കാലിക പാരൽ റോഡും നിർമ്മിച്ചു