മല്ലപ്പള്ളി : എഴുമറ്റൂർ സാമൂഹികാരോഗ്യ കേന്ദ്രം പുതിയ കെട്ടിടമെന്ന ആശയത്തിൽ ജില്ലാ പഞ്ചായത്ത് പട്ടികജാതി വികസന ഫണ്ടിൽ നിർമ്മിച്ച വ്യദ്ധസദനത്തിലേയ്ക്ക് മാറ്റി സ്ഥാപിച്ചിട്ട് ആറ് വർഷം പൂർത്തിയായി. ഇപ്പോൾ ആശുപത്രിയുടെ പഴയ കെട്ടിടവും 48 സെന്റ് സ്ഥലവും കാടു കയറിയ നിലയിൽ. പല പദ്ധതികൾ പ്രഖ്യാപിക്കപ്പെട്ടങ്കിലും ഒന്നും നടപ്പായില്ല. 2016ൽ ആശുപത്രി വൃദ്ധസദനത്തിലേയ്ക്ക് മാറ്റി സ്ഥാപിച്ചപ്പോൾ എട്ട് നിലകളിൽ 24 കോടിയുടെ വമ്പൻ പദ്ധതി നടപ്പായില്ലെന്ന് മാത്രമല്ല പഴയ കെട്ടിടം പൊളിക്കുവാനുമായില്ല. 1949 ഇംഗ്ലീഷ് സിസ്പൻസറിയായി ആരംഭം കുറിച്ച സാമൂഹിക ആരോഗ്യ കേന്ദ്രം വളർന്നപ്പോഴും അടിസ്ഥാന സൗകര്യങ്ങൾക്ക് മാറ്റമുണ്ടായില്ല. ശസ്ത്രക്രിയ, പോസ്റ്റ്മോർട്ടം, ലാബുകൾ , 24 കിടക്കകളുടെ വാർഡ്, മാതൃ ശിശു സംരക്ഷണ വിഭാഗവും പ്രവർത്തിച്ചിരുന്നു. പുറമറ്റം, ഓതറ , തെള്ളിയൂർ പ്രാഥമിക ആരോഗ്യ കേന്ദ്രങ്ങൾ ഇതിന്റെ കീഴിലായിരുന്നു. ആശുപത്രിയുടെ പ്രതാപകാലത്ത് 2001ലെ ദേശീയ ഗ്രാമീണ ദൗത്യ പദ്ധതിയിൽ നിർമ്മിക്കുന്നതിന് 8 ലക്ഷം രൂപ അനുവധിച്ചെങ്കിലും വിനിയോഗിക്കാനായില്ല. 2021 ജൂൺ മാസം 16 ന് പ്രമോദ് നാരായണൻ എം.എൽ.എ സ്ഥലം സന്ദർശിച്ച് വർഷങ്ങളായി മുടങ്ങി കിടന്ന നിർമ്മാണ പ്രവർത്തനങ്ങൾ പുനരാരംഭിക്കാൻ ഉദ്യോഗസ്ഥ തലത്തിൽ നിർദ്ദേശം നല്കിയിരുന്നു. ഇതേ തുടർന്ന് അനുവദിച്ച തുക സർക്കാർ അംഗീകാരത്തിന് സമർപ്പിച്ചിട്ടും രണ്ട് കോടി രൂപ ആരോഗ്യ വകുപ്പ് പ്ലാൻ ഫണ്ടിൽ അനുവദിച്ചിട്ടും കെട്ടിടം പൊളിച്ച് നീക്കുന്നതിനോ പുതിയ മൂന്ന് നിലകളുള്ള ആശുപത്രി എന്ന ആശയമോ നടപ്പിലായില്ല. കെട്ടിട നിർമ്മാണം ഉടൻ ആരംഭിക്കാൻ നടപടി ഉണ്ടാകണമെന്നാണ് നാട്ടുകാർ ആവശ്യപ്പെടുന്നത്.