 
ഒാമല്ലൂർ: ഗവ.ആയുർവേദ ആശുപത്രിപ്പടിയിൽ നിന്ന് പുലിപ്പാറയിലേക്കുള്ള പഞ്ചായത്ത് റോഡ് സ്വകാര്യവ്യക്തി അടച്ചുകെട്ടിയത് റവന്യു, പഞ്ചായത്ത് അധികൃതർ എത്തി തുറന്നുകൊടുത്തു. ഹൈക്കോടതി ഉത്തരവിന്റെ അടിസ്ഥാനത്തിലായിരുന്നു നടപടി. കൊവിഡ് പശ്ചാത്തലത്തിൽ സമീപത്തെ ആശ്രമം അടച്ചിരിക്കുന്നതിനാൽ റോഡിലൂടെ പ്രവേശനം തടഞ്ഞുകൊണ്ട് കയർ കെട്ടിയിരിക്കുകയായിരുന്നു. ഇന്നലെ രാവിലെ കോടതി ഉത്തരവുമായെത്തിയ ഉദ്യോഗസ്ഥർ പൊലീസ് സഹായത്തോടെയാണ് കയർ അഴിച്ച് റോഡ് തുറന്നത്. റോഡ് പുറമ്പോക്ക് ഭൂമിയിലാണെന്ന് ഉദ്യോഗസ്ഥർ പറഞ്ഞു.
ഏകദേശം 600 മീറ്റർ നീളമുള്ള റോഡാണ് ആശ്രമ നടത്തിപ്പുകാർ അടച്ചത്. എന്നാൽ, ഇത് പൊതുവഴിയാണെന്ന് ചൂണ്ടിക്കാട്ടി നാട്ടുകാർ രംഗത്തുവന്നിരുന്നു. സമീപത്തെ മറ്റുസ്വകാര്യ ഭൂമികളിലേക്ക് എത്തുന്നതും ഇതുവഴിയാണ്. സമീപവാസി പൈവള്ളി വാർഡ് രാജ്ഭവനിൽ ചിറ്റാർ മോഹൻ ഹൈക്കോടതിയിൽ ഹർജി നൽകിയതിനെ തുടർന്നാണ് വഴി തുറന്നുകൊടുക്കാൻ ഉത്തരവിട്ടത്.
പുലിപ്പാറയിൽ നാല് ഏക്കറോളം പുറമ്പോക്ക് ഭൂമിയുണ്ടെന്ന് പ്രദേശവാസികൾ പറയുന്നു. ആശ്രമം അടക്കം പുറമ്പോക്കിലാണ്. ഇവിടെ ക്ഷേത്രവും നിർമിച്ചിട്ടുണ്ട്. ആശ്രമവും ക്ഷേത്രവും അടച്ചിട്ടിരിക്കുന്നതിനാൽ ഇതിന്റെ നടത്തിപ്പുകാർ റോഡും അടയ്ക്കുകയായിരുന്നു. ഇവിടെ പുറമ്പോക്കും സ്വകാര്യവ്യക്തികളുടെ ഭൂമിയും ചേർന്നു കിടക്കുകയാണ്. ഇത് അളന്ന് വേർതിരിക്കണമെന്ന് ആവശ്യമുയർന്നിട്ടുണ്ട്.
ആശ്രമത്തിന്റെയും ക്ഷേത്രത്തിന്റെയും പേരിലുളള സ്ഥലം തമിഴ്നാട് സ്വദേശികളുടെ ഉടമസ്ഥതയിലാണ്. ആശ്രമത്തിൽ കഴിഞ്ഞിരുന്ന സമാധിയായ യോഗിയുടെ അനുയായികൾ ഏറെയും റഷ്യാക്കാരാണ്. അവർക്കു വേണ്ടി സമീപത്ത് വലിയൊരു വിശ്രമകേന്ദ്രം നിർമിച്ചിട്ടുണ്ട്. ആശ്രമത്തോട് ചേർന്ന് കിടക്കുന്ന പുലിപ്പാറ എെതീഹ്യങ്ങൾ നിറഞ്ഞതാണ്. മുകളിൽ നിന്ന് നോക്കിയാൽ പത്തനംതിട്ട നഗരം കാണാം.