തിരുവല്ല: കാൽനൂറ്റാണ്ടായി തരിശുകിടന്ന മണ്ണേറ്റു പാടശേഖരത്തിൽ ഇരവിപേരൂർ പഞ്ചായത്ത് കൃഷിയിറക്കി. 25 ഏക്കർ വരുന്ന പാടത്തെ 15 ഏക്കറിലാണ് നെൽകൃഷിക്ക്‌ വിത്തെറിഞ്ഞത്. 10 ഏക്കറിൽ പാടശേഖരസമിതി കൃഷി ചെയ്യും. പഞ്ചായത്ത് നേരിട്ട് നിലമൊരുക്കി വിതയ്ക്കുകയായിരുന്നു. കാടും പുല്ലും വളർന്നിറങ്ങിയ നിലമാകെ തെളിച്ചെടുക്കാൻ കഠിനപരിശ്രമം വേണ്ടിവന്നു. പാടശേഖരസമിതി നടത്തുന്നിടത്ത് പണികൾ നടന്നുവരുന്നു. പഞ്ചായത്ത് പ്രസിഡന്റ് കെ.ബി.ശശിധരൻ പിള്ള വിത്തെറിഞ്ഞ് ഉദ്ഘാടനം ചെയ്തു. പഞ്ചായത്തംഗങ്ങൾ, കർഷകർ തുടങ്ങിയവർ പങ്കെടുത്തു.