01-pandalam-munici-space
പന്തളം നഗരസഭക്ക് പുതിയ ഓഫീസ് കെട്ടിടം പണിയുന്നതിനുള്ള സ്ഥലം

പന്തളം: പന്തളം നഗരസഭയുടെ സ്ഥലം റവന്യൂ പുറമ്പോക്കല്ലെന്നും പഞ്ചായത്തുവകയാണെന്നും വില്ലേജ് രേഖകളിലുള്ളതിനാൽ നഗരസഭയ്ക്കുവേണ്ടി ഓഫീസ് മന്ദിരം പണിയുന്നതിന് തടസമില്ലെന്ന് പ്രാഥമിക പരിശോധനയിൽ കണ്ടെത്തി. ജില്ലാ കളക്ടറുടെ അംഗീകാരത്തോടെ ലാൻഡ് റവന്യൂ വിഭാഗം ഡെപ്യൂട്ടി കളക്ടറാണ് ഇക്കാര്യം നഗരസഭാ അധികാരികളെ അറിയിച്ചത്. ലാൻഡ് റവന്യൂ കമ്മിഷണറുടെ ഉത്തരവുകൂടി ലഭിച്ചാൽ കെട്ടിടം പണിക്കുള്ള നടപടികളാരംഭിക്കും.

2019ൽ കഴിഞ്ഞ നഗരസഭാഭരണസമിതിയുടെ കാലത്താണ് പന്തളം നഗരസഭയുടെ പുതിയ മന്ദിരത്തിന് രൂപരേഖയായത്. അന്ന് തടസമായത് ഭൂമിതർക്കമാണ്. പന്തളം വില്ലേജിലെ ബ്ലോക്ക് നമ്പർ മൂന്നിൽ റീസർവേ നമ്പർ 433ൽ ഉൾപ്പെട്ട 619 ആർ സ്ഥലത്ത് പന്തളം നഗരസഭാ ഓഫീസ് കെട്ടിടം പണിയുന്നതിനായാണ് ലാൻഡ് റവന്യൂ കമ്മിഷണറെ നഗരസഭ സമീപിച്ചത്. പന്തളം പഞ്ചായത്ത് സ്ഥലം എന്ന് വില്ലേജ് റെക്കാർഡുകളിൽ രേഖപ്പെടുത്തിയിട്ടുള്ളതും പന്തളം നഗരസഭയുടെ കുറച്ചുഭാഗങ്ങൾ, സബ് ട്രഷറി, പ്രൈവറ്റ് ബസ് സ്റ്റാൻഡ് എന്നിവ 43/3ൽ ഉൾപ്പെട്ടതാണെന്നും അടൂർ തഹസിൽദാർ റിപ്പോർട്ട് ചെയ്തിരുന്നു. വില്ലേജിലെ രേഖകൾ പ്രകാരം പന്തളം നഗരസഭയ്ക്ക് ഓഫീസ് കെട്ടിടം നിർമിക്കുന്നതിന് അനുമതി നൽകാവുന്നതാണെന്ന് റവന്യൂ വിഭാഗം ഡെപ്യൂട്ടി കളക്ടർ കണ്ടെത്തിയിരുന്നു.


മൂന്നുനില മന്ദിരത്തിന് രൂപരേഖ

നഗരസഭ പുതുതായി പണിയാനുദ്ദേശിക്കുന്ന ഓഫീസ് കോംപ്ലക്‌സിന്റെ രൂപരേഖ 2019ൽ തയ്യാറായിരുന്നു. മൂന്നുനിലയിലായി പണിയുന്ന കെട്ടിടം 10,275 ചതുരശ്ര അടി വിസ്തീർണ്ണമുള്ളതാണ്. ഓരോനിലയും 3425 ചതുരശ്ര അടിവീതമുള്ളതാണ്. കിഫ്ബിയുടെ ഫണ്ടുപയോഗിച്ച് കെട്ടിടം പണിയുന്നതിനാണ് തീരുമാനിച്ചിട്ടുള്ളത്. നഗരസഭാ ബസ് സ്റ്റാൻഡിനോടുചേർന്ന് കമ്യൂണിറ്റി ഹാൾ നിന്നിരുന്ന സ്ഥലമാണ് കണ്ടെത്തിയിട്ടുള്ളത്. കിഫ്ബിയുടെ അംഗീകാരത്തിനായി വിശദമായ പദ്ധതിരേഖ സമർപ്പിക്കും.

താഴത്തെനിലയിൽ സെക്രട്ടറിക്കും ചെയർപേഴ്‌സണുമുള്ള മുറികൾ, ഫ്രണ്ട് ഓഫീസ്, 30 ഉദ്യോഗസ്ഥർക്കുള്ള ഇരിപ്പിടങ്ങൾ, പുരുഷന്മാർക്കുള്ള ശൗചാലയം എന്നിവയുണ്ടാകും.

ആദ്യത്തെ നിലയിൽ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാന്മാർക്കുള്ള മുറികൾ, എൻജിനീയറിംഗ് വിഭാഗം, 11 ജീവനക്കാർക്കുള്ള ഇരിപ്പിടം, വനിതകൾക്കുള്ള ശൗചാലയം. രണ്ടാം നിലയിൽ കൗൺസിൽ ഹാൾ, കൗൺസിലർമാർക്കുള്ള വിശ്രമമുറി, സ്റ്റോർ, ഫയലുകൾ സൂക്ഷിക്കാനുള്ള ഇടം എന്നിവയാണുള്ളത്. തൃശൂർ ജില്ലാ കോൺട്രാക്ട് കോഓപ്പറേറ്റീവ് സൊസൈറ്റിയാണ് പ്ലാൻ തയ്യാറാക്കിയത്.