പത്തനംതിട്ട: ഗുണ്ടകൾക്കെതിരായ പൊലീസ് നടപടി തുടരുന്നു. വധശ്രമകേസുകളിലും പൊലീസ് ഉദ്യോഗസ്ഥരെ ആക്രമിച്ചത് ഉൾപ്പെടെയുള്ള നിരവധി ക്രിമിനൽ കേസുകളിലും പ്രതിയായ യുവാവ് അടക്കം എട്ടുപേർ ഇന്നലെ പിടിയിലായി. 11പൊലീസ് സ്റ്റേഷനുകളിലായി 18 പേരെ മുൻകരുതലായി അറസ്റ്റ് ചെയ്തുവെന്ന് ജില്ലാപൊലീസ് മേധാവി ആർ. നിശാന്തിനി പറഞ്ഞു.

@ രണ്ട് വധശ്രമ കേസ്, പൊലീസ് ഉദ്യോഗസ്ഥരെ ആക്രമിച്ച കേസ്, മയക്കുമരുന്ന് കടത്ത് തുടങ്ങിയ കേസുകളിൽ പ്രതിയും റൗഡി ഹിസ്റ്ററി ഷീറ്റിൽ ഉൾപ്പെട്ട ആളുമായ റാന്നി മുക്കാലുമൺ തുണ്ടിയിൽ വീട്ടിൽ വിശാഖ് (27) തമിഴ്‌നാട്ടിലെ എരുമപ്പെട്ടിയിൽ ഒളിവിൽ കഴിഞ്ഞുവരവേ പിടിയിലായി. ഇയാൾക്കെതിരെ കാപ്പാ നിയമപ്രകാരമുള്ള നടപടികൾ തുടർന്നുവരികയാണ്. മുക്കാലുമണ്ണിൽ രാജേഷിനെ തലയ്ക്കടിച്ച് കൊലപ്പെടുത്താൻ ശ്രമിച്ച കേസിൽ ഒളിവിൽ കഴിഞ്ഞുവരികയായിരുന്നു. കൂട്ടുപ്രതികളായ മുക്കാലുമൺ മോടിയിൽ അജു എം. രാജൻ, മുക്കാലുമൺ ആറ്റുകുഴി തടത്തിൽ അരുൺ ബിജു എന്നിവരും പിടിയിലായി.
ഇതര സംസ്ഥാനങ്ങളിലെ പ്രൊഫഷണൽ കോളേജുകളിൽ വൻ തുക കമ്മിഷൻ വാങ്ങി അഡ്മിഷൻ തരപ്പെടുത്തിക്കൊടുക്കുകയായിരുന്നു വിശാഖ്. സൗകര്യങ്ങളുടെ അപര്യാപ്തതയും മറ്റും കാരണം കോഴ്‌സ് പൂർത്തിയാക്കാൻ സാധിക്കാതെ വരുന്ന വിദ്യാർത്ഥികൾ പരാതി നൽകിയാൽ അവരെ ഇയാൾ മർദ്ദനത്തിനിരയാക്കിയിരുന്നു. വിദ്യാർത്ഥികൾക്ക് ലഹരി വസ്തുക്കൾ എത്തിച്ചിരുന്നതായും പൊലീസ് പറയുന്നു.
ബംഗളുരു, സേലം, കോയമ്പത്തൂർ, നാമക്കൽ തുടങ്ങിയ സ്ഥലങ്ങളിൽ ഒളിവിൽ കഴിഞ്ഞു വരികയായിരുന്നു പ്രതികൾ. തമിഴ്‌നാട് ക്യൂ ബ്രാഞ്ചിന്റെ സഹായത്താലാണ് പ്രതികളെ പൊലീസ് കസ്റ്റഡിയിലെടുത്തത്. റാന്നി ഡിവൈ.എസ്.പി മാത്യു ജോർജിന്റെ നേതൃത്വത്തിലുള്ള അന്വേഷണ സംഘത്തിലെ പൊലീസ് ഇൻസ്‌പെക്ടർ എം.ആർ. സുരേഷ്, എസ്‌.ഐ അനീഷ്, സി.പി.ഒമാരായ ലിജു, ബിജു മാത്യു, വിനീഷ് എന്നിവർ ചേർന്നാണ് ഇവരെ പിടികൂടിയത്.

@ ബന്ധുക്കൾ തമ്മിലുള്ള അടിപിടിയിൽ ഗുരുതരമായി പരിക്കേറ്റ കേസിൽ പ്രതിയെ പുളിക്കീഴ് പൊലീസ് അറസ്റ്റ് ചെയ്തു. ചാത്തങ്കരിയിൽ ഉണ്ടായ സംഭവത്തിൽ സുനീഷ് എന്നയാൾക്ക് പരിക്ക് പറ്റിയിരുന്നു. ഈ കേസിൽ അഭിലാഷ് (40) ആണ് ഇന്നലെ അറസ്റ്റിലായത്.

@ എഴുമറ്റൂരിൽ സ്വകാര്യ വസ്തുവിൽ അതിക്രമിച്ചുകടന്ന് ജെ.സി.ബി ഉപയോഗിച്ച് അനധികൃതമായി മണ്ണെടുത്തതിന് പെരുമ്പെട്ടി പൊലീസ് രജിസ്റ്റർ ചെയ്ത കേസിൽ ഡ്രൈവർ പ്രവീൺ കുമാറിനെ അറസ്റ്റ് ചെയ്തു.

@ തിരുവല്ല മാർത്തോമ കോളേജിലെ വിദ്യാർത്ഥിയെ മർദ്ദിച്ച കേസിൽ ഈ കോളേജിലെ രണ്ടു വിദ്യാർത്ഥികൾ ഉൾപ്പെടെ മൂന്നു പ്രതികളെ തിരുവല്ലപൊലീസ് അറസ്റ്റ് ചെയ്തു. പെരിങ്ങര സ്വദേശികളായ ഷിബിൻ എം. ജോൺ, സച്ചിൻ, അക്ഷയ് എന്നിവരെയാണ് പിടികൂടിയത്.