ചെങ്ങന്നൂർ: പമ്പാ സർവീസ് നടത്താൻ ആവശ്യത്തിന് ബസില്ലാത്തതിനെ തുടർന്ന് ഇന്നലെ ചെങ്ങന്നൂർ റെയിൽവെ സ്റ്റേഷനിലെത്തിയ തീർത്ഥാടകർ വലഞ്ഞു.രാവിലെ നിലച്ച ബസ് സർവീസ് ഉച്ചക്ക് 12നാണ് പുനരാരംഭിച്ചത്. ഇതോടെ അന്യസംസ്ഥാനത്തുനിന്നുൾപ്പടെ എത്തിയ നൂറുകണക്കിന് തീർത്ഥാടകർ മണിക്കൂറുകൾ കാത്തിരിക്കേണ്ടസ്ഥിതിയായി. ഇടതടവില്ലാതെ ബസ് സർവീസുകൾ നടത്തുമെന്ന് തീർത്ഥാടന അവലോകന യോഗത്തിൽ കെ.എസ്.ആർ.ടി.സിയും മന്ത്രിയും ആവർത്തിച്ച് നൽകിയി വാഗ്ദാനം കെ.എസ്.ആർ.ടി.സിയുടെ കാര്യത്തിലും പാഴ്വാക്കായി. അവലോകന യോഗത്തിൽ മന്ത്രി സജി ചെറിയാനും എം.പി കൊടിക്കുന്നിൽ സുരേഷും നൽകിയ ഉറപ്പുകളൊന്നും പാലിച്ചിട്ടില്ലെന്ന്കാട്ടി ഇന്നലെ വാക്കിലൊതുങ്ങിയ വാഗ്ദാനം എന്നപേരിൽ കേരളകൗമുദി വാർത്ത പ്രസിദ്ധീകരിച്ചിരുന്നു. തീർത്ഥാടനത്തിന്റെ ഏകോപനത്തിനായി ചുമതലപ്പെടുത്തിയിരുന്ന ചെങ്ങന്നൂർ ആർ.ഡി.ഒ ഇന്നലെ വിരമിച്ചതും പകരം സംവിധാനം ഏർപ്പെടുത്താത്തതും തീർത്ഥാടനത്തെ ബാധിച്ചു.
രണ്ടുകോടിയിലധികം വരുമാനം
ഈ മണ്ഡലകാലത്ത് മാത്രം കെ.എസ്.ആർ.ടി.സി ചെങ്ങന്നൂർ ഡിപ്പോയിൽ രണ്ടുകോടിയിലധികം രൂപയുടെ വരുമാനമാണ് പമ്പാ സർവീസിന് മാത്രം ലഭിച്ചത്. തീർത്ഥാടനത്തിന്റെ ആദ്യഘട്ടത്തിൽ 35 ബസുകളും തിരക്ക് വർദ്ധിക്കുന്നതനുസരിച്ച് കൂടുതൽ സർവീസുകളും നടത്തുമെന്നാണ് കെ.എസ്.ആർ.ടി.സി അധികൃതർ അറിയിച്ചിരുന്നത്. എന്നാൽ ഇന്നലെ 30സർവീസുകൾ മാത്രമാണ് ഉണ്ടായിരുന്നത്. ഇതിൽ തന്നെ ഭൂരിപക്ഷം ബസുകളും തലേന്നു രാത്രി പമ്പയിലേക്ക് (വ്യാഴാഴ്ച) സർവീസ് നടത്തിയെങ്കിലും ഇവയിൽ ഒന്നും തന്നെ മടങ്ങിയെത്തിയിരുന്നില്ല. വെള്ളിയാഴ്ച രാവിലെ ചെന്നൈ -തിരുവനന്തപുരം മെയിൽ, ബെംഗളൂരു-കന്യാകുമാരി എക്‌സ്പ്രസ് തുടങ്ങിയ ട്രെയിനുകളിലെത്തിയ തീർത്ഥാടകർ മൂന്നര മണിക്കൂറാണ് ചെങ്ങന്നൂരിൽ കുടുങ്ങിയത്. ഒടുവിൽ പകരമായി കെ.എസ്.ആർ.ടി.സി.യുടെ കൊല്ലം വേണാട് സർവീസ് അടക്കമുള്ള ഷെഡ്യൂളുകൾ റെയിൽവേ സ്‌റ്റേഷനിലെത്തിച്ചാണ് ചെങ്ങന്നൂർ ഡിപ്പോ പ്രശ്‌നം പരിഹരിച്ചത്. രാവിലെ മലകയറാനുദ്ദേശിച്ചിരുന്ന അയ്യപ്പൻമാരിൽ പലരും നിരാശരായാണ് യാത്ര തിരിച്ചത്. മടക്ക യാത്രയുടെ ടിക്കറ്റടക്കം ബുക്ക് ചെയ്തു എത്തിയവരും ആശങ്കയിലായി. ഉച്ചയ്ക്ക് 12ന് ട്രെയിനിറങ്ങിയ അയ്യപ്പൻമാരെ ഏഴു ബസുകളിലായി കയറ്റിവിട്ടാണ് പ്രശ്‌നം പരിഹരിച്ചത്.
അയ്യപ്പ ഭക്തരോടുള്ള അവഗണനയെന്ന്
മകരവിളക്കിനു മുന്നോടിയായി തീർഥാടകരുടെ എണ്ണം വർദ്ധിക്കുന്ന സാഹചര്യത്തിൽ ബസുകൾ ലഭ്യമാക്കാതിരിക്കുന്നത് അയ്യപ്പ ഭക്തരോടുള്ള കടുത്ത അവഗണനയാണെന്ന് ഹൈന്ദവ സംഘടനകൾ ആരോപിച്ചു. പകരം സംവിധാനമൊരുക്കി പമ്പയ്ക്കു പോയ സ്‌പെഷ്യൽ സർവീസുകൾ തിരികെ വരുന്നതിൽ കാലതാമസമുണ്ടായി. പകരം സംവിധാനമൊരുക്കി തീർത്ഥാടകരെ മറ്റു ബസുകളിൽ കയറ്റിവിട്ടു.
.............
അഞ്ചു ബസുകൾ കൂടി വെള്ളിയാഴ്ചയെത്തും. സംഭവം മേലധികാരികളുടെ ശ്രദ്ധയിൽപ്പെടുത്തിയിട്ടുണ്ട്.
എ.അബ്ദുൽ നിഷാർ
എ.ടി.ഒ.