ss
മകരവിളക്ക് ഉത്സവത്തിന് നട തുറന്ന ശേഷം തീർത്ഥാടകർക്ക് ദർശനം അനുവദിച്ച ഇന്നലെ സന്നിധാനത്തുണ്ടായ ഭക്തജനത്തിരക്ക്

പത്തനംതിട്ട: മകരവിളക്ക് തീർത്ഥാടനത്തിനായി നട തുറന്ന ശേഷമുളള ആദ്യ ദിനത്തിൽ തന്നെ ശബരീശ സന്നിധിയിലേക്ക് ഭക്തജന പ്രവാഹം. വ്യാഴാഴ്ച വൈകുന്നേരം നട തുറന്നിരുന്നെങ്കിലും ഇന്നലെ പുലർച്ചെ മുതലാണ് തീർത്ഥാടകരെ ദർശനത്തിനായി കടത്തിവിട്ടത്. പുലർച്ചെ 4.30 മുതൽ നെയ്യഭിഷേകം ആരംഭിച്ചു. ആദ്യ മണിക്കൂറിൽ തന്നെ ഭക്തജന തിരക്ക് അനുഭവപ്പെട്ട് തുടങ്ങി.

കൂടുതൽ സമയം ദർശനത്തിനായി വരി നിൽക്കേണ്ട സാഹചര്യം ഭക്തർക്ക് അനുഭവപ്പെടാതെയുളള ക്രമീകരണങ്ങളാണ് സന്നിധാനത്ത് ഒരുക്കിയിട്ടുളളത്. തമിഴ്നാട്, കർണാടക, ആന്ധ്ര, തെലുങ്കാന സംസ്ഥാനങ്ങളിൽ നിന്നുളള ഭക്തരാണ് കൂടുതലായി എത്തുന്നത്.

പമ്പ വഴിയും പുൽമേട് വഴിയുമാണ് ഭക്തർ സന്നിധാനത്തേക്ക് പ്രവേശിക്കുന്നത്. രണ്ട് വർഷത്തെ ഇടവേളയ്ക്ക് ശേഷം എരുമേലിയിൽ നിന്നും കരിമല വഴിയുളള കാനനപാതയിലൂടെ ഇന്നലെ മുതൽ ഭക്തർ പമ്പയിലേക്ക് എത്തിത്തുടങ്ങി. തിരക്ക് വർദ്ധിച്ച സാഹചര്യത്തിൽ പൊലീസ് സുരക്ഷ ശക്തമാക്കിയതോടൊപ്പം ഭക്തർക്ക് സുഖദർശനമൊരുക്കുന്നതിനുളള ക്രമീകരണങ്ങളും ദേവസ്വം ബോർഡും സർക്കാരും ഒരുക്കിയിട്ടുണ്ട്. പുതുവർഷത്തിൽ ദർശനത്തിനായി കൂടുതൽ തീർത്ഥാടകർ എത്തുമെന്നാണ് പ്രതീക്ഷ