 
അഞ്ചൽ: ഏരൂർ ഗ്രാമ പഞ്ചായത്തിലെ കരിമ്പിൻകോണം വാർഡിൽ 30 ലക്ഷം രൂപ മുടക്കി പണി പൂർത്തീകരിച്ച കുടുംബശ്രീ ജെൻഡർ റിസോഴ്‌സ് സെന്ററിന്റെ ഉദ്ഘാടനം പി.എസ്. സുപാൽ എം.എൽ.എ നിർവഹിച്ചു. ഏരൂർ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ടി. അജയൻ അദ്ധ്യക്ഷത വഹിച്ചു. മന്ദിരത്തിന്റെ താക്കോൽ ദാനം മുൻ മന്ത്രി അഡ്വ. കെ. രാജു നിർവഹിച്ചു. വൈസ് പ്രസിഡന്റ് ചിന്നു വിനോദ്, സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻമാരായ ജി. അജിത്ത്, വി. രാജി, ഷൈൻ ബാബു, ബ്ലോക്ക് പഞ്ചായത്ത് മെമ്പർ ശോഭ, ഡോൺ വി. രാജ് തുടങ്ങിയവർ സംസാരിച്ചു. കരിമ്പിൻകോണം വാർഡിലെ കുടുംബശ്രീ അംഗങ്ങൾ സ്വന്തം സമ്പാദ്യം ഉപയോഗിച്ച് വാങ്ങി ഗ്രാമ പഞ്ചായത്തിന് കൈമാറിയ ഭൂമിയിലാണ് മുൻ മന്ത്രി അഡ്വ. കെ. രാജുവിന്റെ ആസ്തി വികസന ഫണ്ട് ഉപയോഗിച്ച് മന്ദിരം നിർമ്മിച്ചത്. സ്ത്രീ പദവി ഉയർത്തുന്നതിനും വനിതാ വികസന പ്രവർത്തനങ്ങൾക്ക് മാർഗനിർദ്ദേശങ്ങളും പരിശീലനവും നൽകുന്നതിനുമാണ് സെന്റർ ആരംഭിച്ചതെന്ന് പഞ്ചായത്ത് പ്രസിഡന്റ് ടി. അജയൻ പറഞ്ഞു.