 
നാട്ടുകാർ പ്രതിഷേധത്തിൽ
പടിഞ്ഞാറേ കല്ലട : വർഷങ്ങൾ പഴക്കമുള്ള കോതപുരം - വെട്ടിയതോട് പാലത്തിന് സമാന്തരമായി നിർമ്മിക്കുന്ന പുതിയ പാലത്തിന്റെ നിർമ്മാണ പ്രവർത്തനം കരാറുകാർ നിറുത്തിവച്ചു. പാലം നിർമ്മാണവുമായി ബന്ധപ്പെട്ട് ക്രെയിൻ ഉൾപ്പെടെയുള്ള യന്ത്രസാമഗ്രികൾ എത്തിക്കാനായി സ്ഥലത്തെ വൃക്ഷങ്ങൾ മുറിച്ചു മാറ്റേണ്ടതുണ്ട്. ഇതിന് ഭൂഉടമകൾ വിസമ്മതിച്ചതാണ് പാലം നിർമ്മാണം തടസപ്പെടാനുള്ള കാരണം. കഴിഞ്ഞ 12ന് മന്ത്രി മുഹമ്മദ് റിയാസാണ് നിർമ്മാണോദ്ഘാടനം നിർവഹിച്ചത്. അതിനുമുമ്പ് കോവൂർ കുഞ്ഞുമോൻ എം.എൽ.എയുടെ അദ്ധ്യക്ഷതയിൽ കളക്ടറുടെ ചേംബറിൽ കൂടിയ യോഗത്തിൽ 12 ഭൂഉടമകൾ സമാന്തര റോഡിനായുള്ള സ്ഥലം വിട്ടുനൽകാൻ കരാർ ഒപ്പിട്ടു നൽകിയിരുന്നു. പാലംപണി തുടങ്ങിയിട്ടും ഇതുവരെ ഇവർക്കുള്ള നഷ്ടപരിഹാരത്തുക ലഭിച്ചിട്ടില്ല. നഷ്ടപരിഹാരത്തുക വിതരണം ചെയ്യാനുള്ള നടപടിക്രമങ്ങൾ ആരംഭിച്ചതായാണ് അറിയുന്നത്.
ജലമൊഴുക്ക് തടസപ്പെട്ടു
പാലം നിർമ്മിക്കുന്നതിന്റെ ഭാഗമായി കുന്നുകൾ ഇടിച്ച് തോട്ടിലേക്കിട്ടത് മൂലം ജലമൊഴുക്ക് തടസപ്പെട്ടിരിക്കുകയാണ്. ഇവിടെ ഇടാനായി വലിയ പൈപ്പുകൾ സ്ഥലത്തെത്തിച്ചങ്കിലും ഇതുവരെ അവ സ്ഥാപിച്ചിട്ടില്ല. എത്രയും വേഗം പൈപ്പുകൾ സ്ഥാപിച്ച് ജലമൊഴുക്ക് സുഗമമാക്കിയില്ലെങ്കിൽ ഒരു പ്രദേശമാകെ വെള്ളം കെട്ടിനിന്ന് ദുരിതത്തിലാകും.
3.27 കോടി രൂപ പാലത്തിനും 2.16 കോടി രൂപ സമാന്തര റോഡിനുമായാണ് സർക്കാർ അനുവദിച്ചിട്ടുള്ളത്. 24 മീറ്റർ നീളത്തിൽ 10.5 മീറ്റർ വീതിയിൽ 18 മാസത്തിനുള്ളിൽ പണി തീർക്കണമെന്നാണ് കരാർ വ്യവസ്ഥ. എത്രയും വേഗം പാലംപണി പുനരാരംഭിക്കാനുള്ള നടപടി അധികൃതർ കൈക്കൊള്ളണമെന്നാണ് പ്രദേശവാസികളുടെ ആവശ്യം.