 
നിയമത്തിന്റെ നൂലാമാലയിൽ കുരുങ്ങി ക്ലാപ്പന നിർമ്മിതി കോളനി നിവാസികൾ
ഒാച്ചിറ: വില്ലേജ് ഓഫീസർ മുതൽ മുഖ്യമന്ത്രിക്കുവരെ നിരവധി തവണ പരാതികൾ നൽകിയിട്ടും നടപടിയില്ലാത്തതിനെ തുടർന്ന് 35 വർഷം മുമ്പ് നിർമ്മിച്ച വീടുകൾ ഉപേക്ഷിച്ച് 33 കുടുംബങ്ങൾ പെരുവഴിയിലേക്കിറങ്ങുന്നു. ക്ലാപ്പന ഗ്രാമ പഞ്ചായത്തിലെ നിർമ്മിതി കോളനിയിൽ കഴിയുന്ന കുടുംബങ്ങളുടെ അവസ്ഥ അതിദയനീയമാണ്. മേൽക്കൂരതകർന്ന് ചോർന്നൊലിക്കുന്ന വീടുകളിൽ പ്രാണഭയത്തോടെയാണിവർ താമസിക്കുന്നത്. ദുരിതത്തിന് അറുതി വരുത്താനായി പഞ്ചായത്ത് മെമ്പർ മുതൽ എം.പി വരെയുള്ളവർ പല തവണ സ്ഥലംസന്ദർശിച്ചു. എന്നാൽ ഇതുവരെ ഒരു നടപടിയും കൈക്കൊള്ളാൻ കഴിഞ്ഞിട്ടില്ല. കഴിഞ്ഞ ദിവസം എ.ഡി.എം സജിതാ ബീഗം ഇടപെട്ട് കനത്ത മഴയെ തുടർന്ന് ദുരിതാശ്വാസ ക്യാമ്പിൽ കഴിഞ്ഞിരുന്ന കുടുംബങ്ങളെ സമീപത്തെ അങ്കണവാടി കെട്ടിടത്തിലേക്ക് താത്കാലികമായി മാറ്റിപ്പാർപ്പിച്ചിരിക്കുകയാണ്.
ലൈഫ് പട്ടികയിൽ ഉൾപ്പെടാതെ 41 കുടുംബങ്ങൾ
നിർമ്മിതി കോളനിയിൽ കഴിയുന്നവരെ ലൈഫ് മിഷൻ പദ്ധതിയിൽ ഉൾപ്പെടുത്തണം എന്നാവശ്യപ്പെട്ട് എ.എം. ആരിഫ് എം.പി മുഖ്യമന്ത്രിക്ക് കത്തുനൽകിയിരുന്നു. ഇതിന് ലൈഫ് മിഷൻ ചീഫ് എക്സിക്യുട്ടീവ് നൽകിയ മറുപടിയിൽ ക്ലാപ്പന ഗ്രാമ പഞ്ചായത്തിലെ നിർമ്മിതി കോളനി നിവാസികളായ 41 കുടുംബങ്ങളും നിലവിലുള്ള ലൈഫ് പട്ടികയിൽ ഉൾപ്പെട്ടിട്ടില്ലെന്നാണ് പറയുന്നത്. 2016 - 17ൽ ലൈഫ് പട്ടിക തയ്യാറാക്കുന്ന സമയത്ത് ഈ വീടുകൾ വാസയോഗ്യമായിരുന്നു. ഇതിൽ 30 പേർ 2020 - 21ൽ പുതുതായി അപേക്ഷ നൽകിയിട്ടുണ്ട്. മൂന്നുപേർ വീടുകൾ അറ്റകുറ്റപ്പണി നടത്തി വാസയോഗ്യമാക്കി. ഒരാൾ നിലവിലെ വീട് പൊളിച്ചുമാറ്റി പുതിയ ഭവനത്തിന്റെ നിർമ്മാണം ആരംഭിച്ചു. നാലുവീടുകൾ വർഷങ്ങളായി ഉപയോഗിക്കുന്നില്ല. ഒരാൾ വീട് വാടകയ്ക്ക് നൽകിയിരിക്കുകയാണ്. 2 പേരുടെ വീടുകളിൽ താമസിക്കുന്നത് ബന്ധുക്കളാണ്.
പുതിയ ലൈഫ് ഭവന പദ്ധതിയിൽ ഉൾപ്പെടുത്തുന്നതും ദുഷ്കരം
സർക്കാരിന്റെ പുതിയ ലൈഫ് മാർഗ നിർദേശപ്പട്ടിക 2016-17ൽ രൂപീകരിച്ച പട്ടികയുടെ തുടർച്ചയാണ്. പഴയപട്ടികയിൽ ഇവർ ഉൾപ്പെട്ടിട്ടില്ല. ഭൂമിയുള്ള ഭവനരഹിത കുടുംബങ്ങൾ, ഭൂരഹിത ഭവനരഹിത കുടുംബങ്ങൾ എന്നിവരെയാണ് പുതിയ പട്ടികയിൽ ഉൾപ്പെടുത്തുന്നത്. ജീർണിച്ച ഭവനമുള്ളവരെയും പദ്ധതിയിൽ ഉൾക്കൊള്ളിക്കാൻ കഴിയും. എന്നാൽ മേൽക്കൂരയും ചുവരുകളും തീർത്തും ജീർണാവസ്ഥയിലായിരിക്കണം. ഒരുവാർഡിലെ മുപ്പത് കുടുംബങ്ങളെ ലൈഫ് ഭവന പദ്ധതിയിൽ ഉൾപ്പെടുത്തുകയെന്നത് അപ്രായോഗികമാണ്. സർക്കാർ മുൻകൈയെടുത്ത് മറ്റ് ഭവന പദ്ധതികളിൽ ഉൾപ്പെടുത്തിയെങ്കിൽ മാത്രമേ ഇവർക്ക് താമസയോഗ്യമായ വീട് ലഭിക്കൂ.
നിർമ്മിതി കോളനി
1985ൽ കൊല്ലം കളക്ടറായിരുന്ന ആനന്ദബോസ് നടപ്പാക്കിയ 'ഫയലിൽ നിന്ന് വയലിലേക്ക്' എന്ന പദ്ധതിയുടെ ഭാഗമായാണ് 41 വീടുകൾ നിർമ്മിച്ചത്. അദ്ദേഹം ആരംഭിച്ച നിർമ്മിതി കേന്ദ്രമായിരുന്നു വീടിന്റെ നിർമ്മാതാക്കൾ. ഒരു വീടിന്റെ നിർമ്മാണ ചെലവ് 7900രൂപയായിരുന്നു. കോൺക്രീറ്റിൽ നിർമ്മിച്ച വാതിലുകളും ജന്നലുകളും ഉപയോഗിച്ചതിനാലും ഫില്ലർ സ്ളാബ് ഉപയോഗിച്ച് മേൽക്കൂര വാർത്തതിനാലുമാണ് വീട് നിർമ്മാണത്തിന്റെ ചെലവ് കുറഞ്ഞത്. കാലപ്പഴക്കം മൂലം ഫില്ലർ സ്ലാബ് ഉപയോഗിച്ച് നിർമ്മിച്ച കോൺക്രീറ്റ് മേൽക്കൂര പൊട്ടിപ്പൊളിഞ്ഞ് ചോർന്നോലിക്കുന്നതാണ് വീടുകൾ വാസയോഗ്യമല്ലാതാകാനുള്ള പ്രധാനകാരണം. ചുറ്റുംകായലാൽ ചുറ്റപ്പെട്ട പ്രദേശമായതിനാൽ വേലിയേറ്റസമയത്ത് ഉപ്പുവെള്ളംകയറുന്ന അവസ്ഥയാണ്. സുനാമി ദുരന്തമുണ്ടായപ്പോൾ ഉപ്പ് വെള്ളം കയറിയത് വീടുകളുടെ ബലക്ഷയത്തിന് കാരണമായിട്ടുണ്ട്.
നിർമ്മിതി കേന്ദ്രം
കൊല്ലം ആസ്ഥാനമായി ആനന്ദബോസ് ആരംഭിച്ച നിർമ്മിതി കേന്ദ്രമാണ് വീടുകൾ നിർമ്മിച്ചത്. കുറഞ്ഞ ചെലവിൽ പരിസ്ഥിതി സൗഹാർദമായ വീടുകൾ നിർമ്മിക്കുകയെന്നതായിരുന്നു നിർമ്മിതി എന്ന ആശയത്തിന് പിന്നിൽ.