photo
കൊട്ടാരക്കര സ്വകാര്യ ബസ് സ്റ്റാൻഡ്

കൊല്ലം: കൊട്ടാരക്കര സ്വകാര്യ ബസ് സ്റ്റാൻഡിന്റെ ഹൈടെക് വികസന പദ്ധതികൾക്ക് ഈ മാസം തുടക്കമാകും. പതിറ്റാണ്ടുകളായി തുടരുന്ന പരിമിതികളിൽ നിന്ന് ബസ് സ്റ്റാൻഡിന് ഇതോടെ മോചനമാകും. നഗരസഭയുടെ 2021-22 വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി 50 ലക്ഷം രൂപയുടെ വികസനമാണ് ആദ്യഘട്ടത്തിൽ നടപ്പാക്കുന്നത്. ബസ് പാർക്കിംഗിന് ആവശ്യമായ സ്ഥലം ഒരുക്കിയ ശേഷം കച്ചവട സ്ഥാപനങ്ങൾ, ടോയ്ലറ്റുകൾ, വിശ്രമസ്ഥലം, ബസ് കാത്തിരിപ്പ് കേന്ദ്രം തുടങ്ങി എല്ലാ സംവിധാനങ്ങളും ഇവിടെ സജ്ജമാക്കും. എ.ടി.എം കൗണ്ടർ, ടെലിവിഷൻ, മുലയൂട്ടൽ കേന്ദ്രം, വൈഫൈ സംവിധാനം തുടങ്ങി മറ്റ് സൗകര്യങ്ങളുമൊരുക്കും. കെട്ടിലും മട്ടിലും ഏറ്റവും മികച്ച വിധമാണ് സ്റ്റാൻഡ് വിഭാവനം ചെയ്തിട്ടുള്ളത്. രണ്ടാം ഘട്ടത്തിൽ കൂടുതൽ വികസനമെത്തിക്കും.

തട്ടിക്കൂട്ടും വീർപ്പുമുട്ടലും

ഇല്ലാതാകും

പുലമൺ ജംഗ്ഷന് സമീപത്തായി കെ.എസ്.ആർ.ടി.സി ബസ് സ്റ്റാൻഡിന്റെയും എം.സി റോഡിന്റെയും ഇടയിലായിട്ടാണ് സ്വകാര്യ ബസ് സ്റ്റാൻഡുള്ളത്. കാലങ്ങളായി പരിമിതമായ സൗകര്യങ്ങളിൽ ഒതുങ്ങുകയാണ് ബസ് സ്റ്റാൻഡ്. ഏത് നിമിഷവും തകർന്നുവീഴാവുന്ന കാത്തിരിപ്പ് കേന്ദ്രം, കുണ്ടും കുഴിയുമായ ബസ് പാർക്കിംഗ് സ്ഥലം. ടോയ്ലറ്റ് സംവിധാനങ്ങളടക്കമുള്ളവയുടെ അപര്യാപ്തത എന്നിവ നിലനിൽക്കുകയാണ്. ദിവസം നൂറിൽപരം സ്വകാര്യ ബസുകളാണ് സ്റ്റാൻഡിൽ വന്നുപോകുന്നത്. സദാസമയവും ബസുകൾ വന്നുപോകുന്ന സ്റ്റാൻഡ് അസൗകര്യങ്ങളാൽ വീർപ്പുമുട്ടുകയാണ്. ഈ തട്ടിക്കൂട്ട് സംവിധാനങ്ങളും ദുരിതങ്ങളുമാണ് മാറാൻ പോകുന്നത്.

കൊട്ടാരക്കരയിലെ സ്വകാര്യ ബസ് സ്റ്റാൻഡിന്റെ മുഖശ്രീ തെളിയുകയാണ്. കാലങ്ങളായി നിലനിന്ന പോരായ്മകൾ പരിഹരിക്കാൻ നഗരസഭ ഭരണസമിതി തീരുമാനിച്ചു. ആധുനിക ബസ് സ്റ്റാൻഡിന്റെ നിർമ്മാണ ശിലാസ്ഥാപനം ഉടനെ നടത്തും. ഇതോടെ നിർമ്മാണ പ്രവർത്തനങ്ങൾക്ക് വേഗത കൈവരും.

എ.ഷാജു,

നഗരസഭാചെയർമാൻ