jancha

കൊല്ലം : ചെറിയൊരു ഇടവേളയ്ക്ക് ശേഷം ജില്ലയിൽ വീണ്ടും മയക്കുമരുന്ന് മാഫിയ പിടിമുറുക്കുന്നു. ലോക്ക് ഡൗൺ കാലത്ത് പൊലീസിന്റെ പിടി അയഞ്ഞതോടെയാണ് ലഹരിമാഫിയകൾ പൂർവാധികം ശക്തിയോടെ പിടിമുറുക്കിയതെന്ന് കണക്കുകൾ വ്യക്തമാക്കുന്നത്. ഈ വർഷം ഒക്ടോബർ വരെ മയക്കു മരുന്നുമായി ബന്ധപ്പെട്ട് 27 കേസുകളാണ് പൊലീസ് രജിസ്റ്റർ ചെയ്തിട്ടുള്ളത്. 181 കേസുകൾ എക്സൈസും രജിസ്റ്റർ ചെയ്തു.

കൊവിഡ് നിയന്ത്രണം നിലവിലുണ്ടായിരുന്ന കഴിഞ്ഞ വർഷം 23 കേസുകൾ മാത്രമാണ് പൊലീസ് രജിസ്റ്റർ ചെയ്തത്. 2018ൽ ഏറ്റവും ഉയർന്ന നിലയിലായിരുന്ന മയക്കു മരുന്ന് കേസുകൾ കൊവിഡ് കാലമായ 2020തോടെ കുറഞ്ഞുവെന്നുവേണം കരുതാൻ.

ലോക്ക് ഡൗൺ കാലത്ത് മയക്കുമരുന്ന് എത്തിക്കാനും വിതരണം ചെയ്യാനും നിർബാധം കഴിയാതെ വന്നതാണ് ഇതിന് കാരണം.

ട്രെയിൻ സർവീസ് പോലും നിശ്ചലമായതും പൊലീസ് പരിശോധന കർശനമാക്കിയതും ലഹരിമാഫിയയ്ക്ക് കടിഞ്ഞാണിടാൻ സഹായകമായി. എന്നാൽ,​ കൊവിഡ് നിയന്ത്രണങ്ങൾക്ക് ഇളവ് വരുത്തുകയും വാഹനഗതാഗതം സാധാരണ നിലയിലാവുകയും ചെയ്തതോടെ ജില്ലയിൽ വീണ്ടും ലഹരി സജീവമായി. കൊവിഡ് കാലത്ത്, അതായത് കഴിഞ്ഞ വർഷം മയക്കുമരുന്ന് കേസിൽ എക്സൈസ് എടുത്തത് 179 കേസുകളായിരുന്നു. ഈ വർഷം ഒക്ടോബർ വരെ മാത്രം അത് 181ആയി വർദ്ധിച്ചിട്ടുണ്ട്.

പലരൂപത്തിൽ

'അവൻ' വരും !

കഞ്ചാവ് ,എം.ഡി. എം. എ, ഹാഷിഷ്, സ്റ്റാമ്പ്‌, മിഠായി ഉൾപ്പടെ മയക്കുമരുന്നുകൾ ജില്ലയിൽ വ്യാപകമായി എത്തുന്നുണ്ടെന്നാണ് പൊലീസ്, എക്സൈസ് വിഭാഗങ്ങൾ തന്നെ സമ്മതിക്കുന്നുണ്ട്. ആര്യങ്കാവ് ഫോറസ്റ്റ്‌ ചെക്ക് പോസ്റ്റിന് സമീപം വാഹന പരിശോധനക്കിടെ തെലുങ്കാന സ്വദേശികളായ രണ്ടു പേരിൽ നിന്നായി 65 കിലോയോളം കഞ്ചാവുമായി പിടിച്ചെടുത്തതാണ് കൊല്ലത്ത് അടുത്തകാലത്ത് നടന്ന വമ്പൻ കഞ്ചാവ് വേട്ട. ജില്ല രൂപീകൃതമായ ശേഷം കൊല്ലം റൂറൽ പൊലീസ് നടത്തിയ ഏറ്റവും ലഹരിവേട്ടയായിരുന്നു അത്. കൊല്ലം രണ്ടാം കുറ്റിയിൽ വീടിന്റെ പിന്നാമ്പുറത്ത് നട്ടു വളർത്തിയ കഞ്ചാവ് ചെടികൾ പിടികൂടിയതും അടുത്ത ദിവസമായിരുന്നു

ജില്ലയിൽ രജിസ്റ്റർ ചെയ്ത

മയക്കുമരുന്ന് കേസുകൾ

2017: 34

2018: 38

2019: 17

2020: 23

2021: ഒക്ടോബർ വരെ 27

എക്സൈസ് കേസുകൾ

2019: 497

2020: 179

2021 :ഒക്ടോബർ വരെ181

മയക്കുമരുന്ന് ഓൺലൈൻ ബുക്ക് ചെയ്ത് പാഴ്സലായി ലഭ്യമാകുന്നത് പിടികൂടാൻ കഴിയാതെ പോകുന്നു. കൊറിയർ സർവ്വീസുകളുടെ ഓഫീസുകളിൽ നിരന്തരം പരിശോധന നടത്തുന്നുണ്ട്. സംശയമുളള പാഴ്സലുകൾ പരിശോധിക്കണമെന്ന് നിർദ്ദേശം നൽകിയിട്ടുണ്ട്. ലഹരിക്കെതിരെ നിരന്തരം ബോധവത്ക്കരണം ആവശ്യമാണ്.

ബി.സുരേഷ്, ഡപ്യൂട്ടി എക്സൈസ് കമ്മിഷണർ, കൊല്ലം.