photo
കുണ്ടും കുഴിയും നിറഞ്ഞ കരുനാഗപ്പള്ളി -കല്ലുമൂട്ടിൽക്കടവ് റോഡ്.

കരുനാഗപ്പള്ളി: കുണ്ടും കുഴിയും നിറഞ്ഞ കരുനാഗപ്പള്ളി - കല്ലുംമൂട്ടിൽക്കടവ് റോഡിന്റെ അവസ്ഥകണ്ടാൽ അറിയാതെ ആരും മൂക്കത്ത് വിരൽവച്ചുപോകും. 16 വർഷം മുമ്പ് മെറ്റിലിട്ട് ഉയർത്തി ടാർ ചെയ്ത റോഡ് തകർന്ന് തരിപ്പണമായിട്ട് കാലം കുറെയായി. കുണ്ടും കുഴിയുമില്ലാത്ത ഭാഗങ്ങൾ റോഡിൽ വിരളമാണ്. മഴക്കാലത്ത് റോഡ് അപകടക്കെണിയായി മാറും. കുഴികളിൽ വീണ് ഇരുചക്ര വാഹനങ്ങൾ അപകടത്തിൽപ്പെടുന്നതും ഇവിടെ പതിവാണ്. റോഡ് നവീകരണത്തിൽ അധികൃതർ കാട്ടുന്ന അനാസ്ഥയിൽ നാട്ടുകാർക്ക് വലിയ പ്രതിഷേധമുണ്ട്.

കാൽനട പോലും

ദുഷ്ക്കരം !

ആലപ്പാട്ട് ഗ്രാമപഞ്ചായത്തിനെ കരുനാഗപ്പള്ളി നഗരവുമായി ബന്ധിപ്പിക്കുന്ന പ്രധാന റോഡാണിത്. അഴീക്കൽ മത്സ്യബന്ധന തുറമുഖത്തേക്ക് പോകുന്നത് ഉൾപ്പെടെ നൂറ് കണക്കിന് വാഹനങ്ങളാണ് ഇതു വഴി ദിവസേന കടന്ന് പോകുന്നത്. വലിയ കുഴികൾ രൂപപ്പെട്ടിട്ടുള്ള റോഡിലൂടെ കാൽനട യാത്ര പോലും ദുഷ്ക്കരമാണ്. ആധുനിക ശാസ്ത്ര സാങ്കേതിക വിദ്യ ഉപയോഗിച്ച് നിർമ്മിച്ച റോഡിൽ കഴിഞ്ഞ 16 വർഷത്തിനിടെ ഒരിക്കൽപ്പോലും അറ്റകുറ്റപ്പണി നടത്തിയിട്ടില്ലെന്ന് നാട്ടുകാർ പറയുന്ന.

ടാറിംഗ് ഇളകിത്തുടങ്ങിയ കാലം മുതൽ റോഡ് നവീകരിക്കണമെന്ന ആവശ്യവുമായി നാട്ടുകാർ രംഗത്ത് എത്തിയിരുന്നു. എന്നാൽ, അധികൃതർ ഇക്കാര്യത്തിൽ വേണ്ടത്ര ശ്രദ്ധ നൽകിയില്ലെന്നാണ് നാട്ടുകാരുടെ പരാതി. സുനാമി ദുരന്തത്തിന് ശേഷമാണ് റോഡിൽ അറ്റകുറ്റപ്പണി നടത്തിയത്. സുനാമി സ്പെഷ്യൽ പാക്കേജിൽ ഉൾപ്പെടുത്തിയായിരുന്നു അത്. റോഡിലെ അപകടക്കുഴികൾ ഗ്രാവലിട്ട് നികത്തണമെന്ന ആവശ്യവും അധികൃതർ നിരാകരിക്കുകയായിരുന്നു. ഇതിൽ പ്രതിഷേധിച്ച് ചക്കാല ജംഗ്ഷനിൽ നാട്ടുകാർ റോഡിൽ വാഴ നട്ടിരുന്നു. റോഡ് എത്രയും വേഗം നവീകരിച്ച് സഞ്ചാരയോഗ്യമാക്കണമെന്നതാണ് നാട്ടുകാരുടെ ആവശ്യം.