കരുനാഗപ്പള്ളി: സ്വാതന്ത്ര്യ സമര സേനാനി, തിരുവിതാംകൂറിലെ കമ്മ്യൂണിസ്റ്റ് പാർട്ടിയുടെ സ്ഥാപകനേതാക്കളിൽ പ്രമുഖൻ, 1957ലെ പ്രഥമ നിയമസഭാംഗം, കുലശേഖരപുരം പഞ്ചായത്ത് പ്രസിഡന്റ് എന്നീ നിലകളിൽ ശ്രദ്ധേയനായിരുന്ന ജി. കാർത്തികേയന്റെ സ്മരണയ്ക്കായി ജി. കാർത്തികേയൻ ഫൗണ്ടേഷൻ ഏർപ്പെടുത്തിയ 8ാം പുരസ്കാരത്തിന് വിപ്ലവ ഗായിക പി.കെ. മേദിനി അർഹയായി. ചുനക്കര ജനാർദ്ദനൻ നായർ, അനിൽ, വി. നാഗേന്ദ്രൻ, വസന്തകുമാർ സാംബശിവൻ എന്നിവരടങ്ങിയ ജഡ്ജിംഗ് കമ്മിറ്റിയാണ് ജേതാവിനെ തിരഞ്ഞെടുത്തത്. 18ന് മരങ്ങാട്ട്മുക്ക് എസ്.എൻ ലൈബ്രറി അങ്കണത്തിൽ നടക്കുന്ന ചടങ്ങിൽ മന്ത്രി ജെ. ചിഞ്ചുറാണി പുരസ്‌കാരം സമ്മാനിക്കും. കേരള നിയമസഭ ഡെപ്യൂട്ടി സ്പീക്കർ ചിറ്റയം ഗോപകുമാർ, എ.എം. ആരിഫ് എം.പി, സി.പി.ഐ ജില്ലാ സെക്രട്ടറി മുല്ലക്കര രത്‌നാകരൻ എന്നിവർ ചടങ്ങിൽ പങ്കെടുക്കും. ഫൗണ്ടേഷൻ ചെയർമാൻ അഡ്വ. എൻ. അനിരുദ്ധൻ അദ്ധ്യക്ഷത വഹിക്കും.