ochira
ദേശീയപാത വികസനത്തിന്റെ ഭാഗമായുള്ള പൊളിച്ചു നീക്കൽ പ്രവർത്തനങ്ങൾ ഓച്ചിറയിൽ ആരംഭിച്ചപ്പോൾ

ഓച്ചിറ: ദേശീയപാത 66 ആറുവരിയായി വികസിപ്പിക്കുന്നതിന്റെ ഭാഗമായി ഏറ്റെടുത്ത ഭൂമിയിലുള്ള കെട്ടിടങ്ങൾ പൊളിച്ചുനീക്കുന്ന നടപടികൾ ജില്ലയുടെ തെക്കേ അറ്റമായ ഓച്ചിറയിൽ നിന്ന് ആരംഭിച്ചു. ബുധനാഴ്ച ഉച്ചയോടെ ഓച്ചിറ റീജൻസി ഹോട്ടലിന് സമീപത്തെ കെട്ടിടത്തിന്റെ ഫൗണ്ടേഷൻ വാൾ പൊളിച്ചുനീക്കിയാണ് പ്രവർത്തനത്തിന് തുടക്കമിട്ടത്. ദേശീയപാതാ സ്ഥലം ഏറ്റെടുക്കൽ ഡെപ്യൂട്ടി കളക്ടർ ഡി. രാധാകൃഷ്ണൻ, സ്പെഷ്യൽ തഹസിൽദാർ കെ. ഷീല, ഡെപ്യൂട്ടി തഹസിൽദാർ സജീവ് കുമാരൻ നായർ, ദേശീയപാത അതോറിറ്റി ലെയ്സൺ ഓഫീസർ എം.കെ. റഹ്മാൻ, നിർമ്മാണ കരാർ കമ്പനിയായ വിശ്വസമുദ്ര കമ്പനി പബ്ലിക് റിലേഷൻ ഓഫീസർ ഉണ്ണിക്കൃഷ്ണൻ, പ്രൊജക്ട് ഹെഡ് രാമയ്യ തുടങ്ങിയവരുടെ നേതൃത്വത്തിലാണ് നടപടികൾ പുരോഗമിക്കുന്നത്. ദേശീയപാത അതോറിറ്റി ഏറ്റെടുത്ത് കരാർ കമ്പനിക്ക് കൈമാറിയ സ്ഥലങ്ങളിലെ കെട്ടിടങ്ങളാണ് ആദ്യഘട്ടത്തിൽ പൊളിച്ചുനീക്കുന്നത്. ആദ്യദിവസം ഏഴോളം നിർമ്മിതികൾ പൊളിച്ചുനീക്കി. സ്ഥലം ഏറ്റെടുത്ത ഓച്ചിറ, കുലശേഖരപുരം വില്ലേജുകളുടെ പരിധിയിൽ വരുന്ന പ്രദേശങ്ങളിൽ വരുംദിവസളിൽ പൊളിച്ചുനീക്കൽ പ്രവർത്തനങ്ങൾ നടക്കുമെന്ന് അധികൃതർ അറിയിച്ചു.