എഴുകോൺ: കൊല്ലം-പുനലൂർ റൂട്ടിലെ പ്രധാന സ്റ്റേഷനുകളിലൊന്നായ എഴുകോൺ റെയിൽവേ സ്റ്റേഷന് വീണ്ടും അവഗണന. ഹാൾട്ട് സ്റ്റേഷനായി തരം താഴ്‌ത്താൻ റെയിൽവേ അധികൃതർ ശ്രമം തുടങ്ങി. റിസർവേഷൻ ഒഴികെ ബാക്കി എല്ലാ സൗകര്യങ്ങളുമുള്ള ഗ്രേഡ് സി ( സി.എൻ.സി – ക്ലർക്ക് ഇൻ ചാർജ് ) റെയിൽവേ സ്റ്റേഷനാണ് എഴുകോൺ.എന്നാൽ, കൊവിഡ് നിയന്ത്രണങ്ങളിൽ ഇളവ് വരുത്തിയിട്ടും പാസഞ്ചർ ട്രെയിനുകൾ ഒാടാത്ത
സാഹചര്യത്തിൽ ദിവസേനയുള്ള വരുമാനത്തിന്റെ കുറവുണ്ടായി എന്ന കാരണം പറഞ്ഞാണ് ഹാൾട്ട് സ്റ്റേഷനായി തരംതാഴ്‌ത്താൻ റെയിൽവേ അധികൃതർ ഒരുങ്ങുന്നത്.
ഏതാനും വർഷങ്ങളായി നടന്നുവന്ന ഈ ശ്രമം നാട്ടുകാരുടെ പ്രതിഷേധത്തെത്തുടർന്ന് റെയിവേ നിർത്തിവച്ചിരുന്നതാണ്.
എന്നാൽ, കഴിഞ്ഞ ദിവസം ഹാൾട്ട് ഏജന്റിന്റെ ടെൻഡർ പരസ്യം വന്നതോടെയാണ് തരം താഴ്ത്തൽ നടപടി നാട്ടുകാരുടെ ശ്രദ്ധയിൽപ്പെട്ടത്. സെക്രട്ടേറിയറ്റ് ഉദ്യോഗസ്ഥരടക്കം നൂറ് കണക്കിന് യാത്രകാർ ദിവസേന ആശ്രയിക്കുന്ന സ്റ്റേഷനാണ് എഴുകോൺ. കൊവിഡിന് മുമ്പ് കന്യാകുമാരി, മധുര, ഗുരുവായൂർ പാസഞ്ചറുക്കൾ ഉൾപ്പെടെ 14 ട്രെയിൻ സർവീസുകൾ ഇതുവഴി ഉണ്ടായിരുന്നു. കൊവിഡ് നിയന്ത്രണങ്ങൾക്ക് ഇളവുകൾ വന്നിട്ടും പാസഞ്ചർ ട്രെയിനുകൾ ഓടാത്തതിനാൽ യാത്രക്കാർ കുറവാണ്. ഇക്കാര്യം ചൂണ്ടിക്കാട്ടിയാണ് റെയിൽവേയുടെ ജനദ്രോഹ നടപടി.
പാസഞ്ചർ ട്രെയിനുകൾ പുനരാരംഭിക്കുന്നതോടെ യാത്രക്കാർ വർദ്ധിക്കുമെന്നുതന്നെയാണ് സേവ് എഴുകോൺ റെയിവേ സ്റ്റേഷൻ കൂട്ടായ്മ ഭാരവാഹികൾ പറയുന്നത്.
ഇന്ധനത്തിനും നിത്യോപയോഗ സാധനങ്ങൾക്കും അടിക്കടി വില വർദ്ധിക്കുന്ന സാഹചര്യത്തിൽ സ്റ്റേഷൻ തരം താഴ്‌ത്തുന്നതിലൂടെ സാധാരണകാരായ നൂറുകണക്കിന് സ്ഥിരം യാത്രകാരെയാണ് വിപരീതമായി ബാധിക്കുന്നത്. റെയിൽവേ സ്റ്റേഷനെ താഴ്ത്താതിരിക്കൻ ഉന്നത രാഷ്ട്രീയ ഇടപെടൽ ആവശ്യമാണെന്ന് സേവ് എഴുകോൺ റെയിൽവേ സ്റ്റേഷൻ കൂട്ടായ്മ ഭാരവാഹികൾ പറയുന്നു.