കൊല്ലം: ദേശീയപാത ആറുവരിയാക്കുമ്പോൾ വാഹനയാത്രക്കാരുടെ പോക്കറ്റ് കീറുമെന്നുറപ്പ്. ഓരോ 60 കിലോമീറ്ററിലും ടോൾ പിരിവ് കേന്ദ്രങ്ങളുണ്ടാകും. വികസനത്തിന്റെ രൂപരേഖയായെങ്കിലും ടോൾ പിരിവ് കേന്ദ്രങ്ങൾ എവിടെയൊക്കെയാണെന്ന് ഇതുവരെ തീരുമാനിച്ചിട്ടില്ല.
നിലവിൽ കുരീപ്പുഴ ബൈപ്പാസിലുള്ള ടോൾ പ്ലാസ ഇല്ലാതാകും. കഴക്കൂട്ടത്ത് ടോൾ പിരിവുണ്ട്. അവിടെ നിന്നു കൊല്ലത്തേക്കുള്ള പാതയിൽ ജില്ലയുടെ അതിർത്തി വരെ 60 കിലോമീറ്റർ ദൂരമില്ല. അതുകൊണ്ടുതന്നെ തിരുവനന്തപുരം, ആലപ്പുഴ ജില്ലകളുടെ അതിർത്തിയോട് ചേർന്ന് ജില്ലയിൽ രണ്ട് ടോൾ പിരിവ് കേന്ദ്രങ്ങൾ വന്നേക്കുമെന്ന സൂചനയാണ് ദേശീയപാത അധികൃതർ നൽകുന്നത്. കൊല്ലം ബൈപ്പാസിൽ നിലവിൽ 25 രൂപയാണ് ഏറ്രവും കുറഞ്ഞ ടോൾ. ആറ് വരിയാകുന്നതോടെ ടോൾ നിരക്ക് ഉയരും.
ജംഗ്ഷനുകളിൽ സർവേ
ജംഗ്ഷനുകളിൽ ആറുവരിപ്പാത എങ്ങനെയാകണമെന്നതു സംബന്ധിച്ച് കരാർ കമ്പനികൾ സ്വന്തം നിലയിൽ സർവേ നടത്തും. ഇവിടത്തെ ഗതാഗതം അടിസ്ഥാനമാക്കിയായിരിക്കും തീരുമാനം. നിലവിലെ രൂപരേഖയിൽ എല്ലാ ജംഗ്ഷനുകളിലും മറ്റ് റോഡുകൾ മുറിച്ചുകടക്കുന്ന ഭാഗത്ത് മേൽപ്പാലമാണുള്ളത്. 300 മുതൽ 400 മീറ്രർ വരെ ആർ.ഇ വാൾ (റീ എൻഫോഴ്സ്ഡ് എർത്ത് വാൾ) നിർമ്മിച്ചാകും മേൽപ്പാലത്തിലേക്ക് എത്തുക. ട്രാഫിക് സർവേ അടിസ്ഥാനമാക്കിയാകും ആർ.ഇ വാളുകളുടെയും മേൽപ്പാലങ്ങളുടെയും നീളം അന്തിമമായി തീരുമാനിക്കുന്നത്. ആർ.ഇ വാളിനെക്കാൾ നിർമ്മാണ ചെലവ് പത്തിരിട്ടി കൂടുതലാണ് മേൽപ്പാലത്തിന്. ആർ.ഇ വാളുകളാകുമ്പോൾ അപകട സാദ്ധ്യതയും കുറവാണെന്ന് ദേശീയപാത അധികൃതർ പറയുന്നു.
ഏറ്റെടുക്കൽ നീളുന്നു
ആറുവരിപ്പാത നിർമ്മാണ ചെലവിന്റെ 40 ശതമാനം മാത്രമേ കരാറുകാർക്ക് ആദ്യഘട്ടത്തിൽ ദേശീയപാത അതോറിട്ടി നൽകുകയുള്ളൂ. ബാക്കി തുക കരാറുകാർ ബാങ്ക് വായ്പയിലൂടെയാണ് കണ്ടെത്തുന്നത്. രണ്ടു മാസത്തിനുള്ളിൽ വായ്പ തരപ്പെടും. സ്ഥലം ഏറ്റെടുത്ത് നൽകിയില്ലെങ്കിൽ കരാർ കമ്പനികൾക്ക് ദേശീയപാത വിഭാഗം നഷ്ടപരിഹാരം നൽകേണ്ടി വരും. ഇത് സംസ്ഥാന സർക്കാരുമായി ദേശീയപാത വിഭാഗം ഇടയുന്ന സ്ഥിതി സൃഷ്ടിക്കും. 90 ശതമാനത്തോളം സ്ഥലം ഏറ്രെടുത്ത് നൽകിയാൽ മാത്രമേ നിർമ്മാണം ആരംഭിക്കാനാകു. ഏകദേശം ആറായിരത്തിലേറെ ഭൂവുടമകളിൽ നിന്നാണ് സ്ഥലം ഏറ്റെടുക്കേണ്ടത്. ഇതുവരെ അഞ്ഞൂറിൽ താഴെ ഉടമകൾക്കു മാത്രമാണ് നഷ്ട പരിഹാരം നൽകിയത്.