കൊട്ടാരക്കര : ലോക ഭിന്നശേഷി ദിനത്തിൽ കുടുംബവുമായി ശ്രീനാഥിന് സമാഗമം. വീട്ടുകാരറിയാതെ കേരളത്തിലെത്തിയ ആന്ധ്രാ സ്ദേശിയായ ശ്രീനാഥിനാണ് ലോക ഭിന്നശേഷി ദിനത്തിൽ കുടുംബാംഗങ്ങളുമായി പുനസമാഗമം സാധിച്ചത്. ആന്ധ്രാപ്രദേശിലെ ചിറ്റൂർജില്ലയിലെ വിജയപുരം സ്വദേശിയായ ശ്രീനാഥ് എന്ന ഇരുപത്തിയെട്ടുകാരനെയാണ് കഴിഞ്ഞ ദിവസം ബന്ധുക്കൾക്ക് കൈമാറിത്. കമ്പ്യൂട്ടർ സയൻസിൽ ബിരുദാനന്തര ബിരുദം നേടിയ ശ്രീനാഥ്, ആരോടും പറയാതെയാണ് ജോലിതേടി വീടുവിട്ടിറങ്ങിയത്. ബംഗളൂരുവിൽ പലയിടങ്ങളിലും ജോലി അന്വേഷിച്ച് പരാജയപ്പെട്ട ശ്രീനാഥ് ഒടുവിൽ കേരളത്തിലെത്തി. കോഴിക്കോട്, കണ്ണൂർ, കോട്ടയം എന്നിവിടങ്ങളിലെല്ലാം അലഞ്ഞെങ്കിലും പ്രയോജനമുണ്ടായില്ല. നിരാശനായി കൊട്ടാരക്കരയിലെത്തിയപ്പോഴേക്കും മനോനില തകരാറിലായി ലക്ഷ്യമില്ലാതെ അലയാൻ തുടങ്ങി. കോട്ടത്തല ജംഗ്ഷനിലെ കടത്തിണ്ണയിൽ കാണപ്പെട്ട ശ്രീനാഥിനെ മാധ്യമ പ്രവർത്തകർ അറിയിച്ചതിനെ തുടർന്ന് കൊട്ടാരക്കര പൊലീസ് ആശ്രയയിലെത്തിക്കുകയായിരുന്നു. അവിടത്തെ മനോരോഗ വിദഗ്ദ്ധരായ ഡോക്ടർമാരുടെ പരിചരണത്തിൽ മനസിന് സ്വസ്ഥത ലഭിച്ചു. ആശ്രയ അധികൃതർ ആന്ധ്രയിലെ ബന്ധുക്കളെ അറിയിച്ചതിനെ തുടർന്ന് അമ്മാവൻ ആർ.ശ്രീനിവാസുലുവും സുഹൃത്ത് എൽ.ജെ.ഫ്രാൻസിസും ആശ്രയയിലെത്തി ശ്രീനാഥുമായി നാട്ടിലേക്ക് മടങ്ങി.