
പത്തനാപുരം: പ്രയാസമനുഭവിക്കുന്നവർക്ക് സ്വർഗ്ഗരാജ്യത്തിന്റെ അനുഭവം പ്രദാനം ചെയ്യുവാൻ മനുഷ്യർക്ക് സാധിക്കണമെന്നും ക്രിസ്തുവിന്റെ പ്രവർത്തനങ്ങൾ എന്നും ദുർബലർക്കും ആലംബഹീനർക്കും വേണ്ടിയായിരുന്നുവെന്നും ക്രിസ്തുജീവിതം മാതൃകയാക്കി സമൂഹം ജീവകാരുണ്യപ്രവർത്തനങ്ങളിൽ പങ്കാളികളാകണമെന്നും ഓർത്തഡോക്സ് സഭ പരമാധ്യക്ഷൻ പരിശുദ്ധ ബസേലിയോസ് മാർത്തോമ മാത്യൂസ് തൃതീയൻ കാതോലിക്കാ ബാവ പറഞ്ഞു. പത്തനാപുരം ഗാന്ധിഭവനിൽ ജീവകാരുണ്യസംഗമം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
കെയർ ആന്റ് ഷെയർ ഫൗണ്ടേഷൻ മാനേജിംഗ് ഡയറക്ടർ ഫാ. തോമസ് കുര്യൻ മരോട്ടിപ്പുഴ അദ്ധ്യക്ഷത വഹിച്ച ചടങ്ങിൽ ഗാന്ധിഭവൻ സെക്രട്ടറി പുനലൂർ സോമരാജൻ സ്വാഗതം പറഞ്ഞു. ഓർത്തഡോക്‌സ് സഭാ സെക്രട്ടറി അഡ്വ. ബിജു ഉമ്മൻ, ജോൺസൺ കല്ലിട്ടതിൽ കോർ എപ്പിസ്‌കോപ്പ, മൈലംകുളം സെന്റ് ജോർജ് ഓർത്തഡോക്‌സ് ചർച്ച് വികാരി ഫാ. പി. തോമസ്, ജോൺ പണിക്കർ കോർ എപ്പിസ്‌ക്കോപ്പ, ഫാ. ബേസിൽ ജെ. പണിക്കർ, ഫാ. ബൈജു ജോൺസൺ എന്നിവർ സംസാരിച്ചു.