kada
കരുനാഗപ്പള്ളി ദേശീയപാതയോരത്തെ പെട്ടിക്കടകളിലൊന്ന്

കരുനാഗപ്പള്ളി: ദേശീയപാത വികസനത്തിന്റെ പ്രാരംഭ പ്രവർത്തനങ്ങൾ ഓച്ചിറയിൽ ആരംഭിച്ച സാഹചര്യത്തിൽ കരുനാഗപ്പള്ളി നഗരസഭാ പരിധിയിലെ പെട്ടിക്കട കച്ചവടക്കാരെ പുനരധിവസിപ്പിക്കണമെന്ന ആവശ്യം ശക്തമാകുന്നു.

ദേശീയപാതവികസനത്തിന് ഏറ്രെടുത്തുത്ത സ്ഥലത്തെ കെട്ടിടങ്ങൾ പൊളിച്ചു മാറ്റാനുള്ള നടപടികൾക്ക് കഴിഞ്ഞ ദിവസമാണ് തുടക്കമായത്. വരും ദിവസങ്ങളിൽ പ്രവർത്തനങ്ങൾ കൂടുതൽ സജീവമാകും. വടക്ക് മുസ്ലീം പള്ളിമുതൽ തെക്കോട്ട് കന്നേറ്റി വരെ 300 ഓളം പെട്ടിക്കടകളാണ് ദേശീയപാതയുടെ ഇരുവശങ്ങളിലുമായുള്ളത്. 25 വർഷത്തിലേറെയായി കച്ചവടം നടത്തുന്നവരാണ് ഇവരിൽ അധികവും. വഴിയോര കച്ചവടക്കാരെ പുനരധിവസിപ്പിക്കാൻ തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങൾക്ക് ഉത്തിരവാദിത്തം ഉണ്ടെന്ന് കോടതി തന്നെ ചൂണ്ടിക്കാണിച്ചിട്ടുള്ളതാണ്. ഇതനുസരിച്ച് ആദ്യ ഘട്ടത്തിൽ 168 തൊഴിലാളികൾ കരുനാഗപ്പള്ളി നഗരസഭയിൽ പേര് രജിസ്റ്റർ ചെയ്തിട്ടുണ്ട്. ശേഷിക്കുന്നവർ രണ്ടാം ഘട്ടത്തിൽ രജിട്രേഷൻ പൂർത്തിയാക്കും.

അപകട രഹിത സുരക്ഷാപദ്ധതിയിൽ ഉൾപ്പെടുത്തി കരുനാഗപ്പള്ളി ദേശീയപാതയെ നവീകരിച്ചപ്പോൾ ടൗണിലെ വഴിയോര കച്ചവടക്കാർ ഹൈസ്കൂൾ ജംഗ്ഷനിലേക്ക് മാറി. ഒരു പെട്ടിക്കടയിൽ കുറഞ്ഞത് മൂന്ന് തൊഴിലാളികളെങ്കിലും ഉണ്ടാകും. പെട്ടിക്കടകളെ ആശ്രയിച്ചാണ് നൂറ് കണക്കിന് കുടുംബങ്ങൾ കഴിയുന്നത്. കൊവിഡ് കാലത്ത് നഷ്ടമായ കച്ചവടം പതിയെ പഴയ പ്രതാപത്തിലേയ്ക്ക് തിരിച്ചെത്തിയതായി കച്ചവടക്കാർ പറയുന്നു. പൊതുവിപണിയിൽ പച്ചക്കറി ഉൾപ്പെടെയുള്ള സാധനങ്ങളുടെ വില പിടിച്ചുനിർത്തുന്നതിൽ പെട്ടിക്കടകളുടെ പങ്ക് വലുതാണ്. ഇത് സാധാരണക്കാർക്ക് നൽകുന്ന ആശ്വാസവും ചെറുതല്ല.

നഗരക്കച്ചവട

കമ്മിറ്റി വിളിക്കണം

വഴിയോര കച്ചവടക്കാരുടെ പുനരധിവാസ പാക്കേജിനായി ഏഴുവർഷം മുമ്പ് നഗര കച്ചവട കമ്മിറ്റി രൂപീകരിച്ചിരുന്നു. എന്നാൽ, ഇത്രയും കാലത്തിനിടയിൽ മൂന്ന് പ്രാവശ്യം മാത്രമാണ് നഗരക്കച്ചവട കമ്മിറ്റി കൂടിയത്. പുതിയ ദേശീയപാതയുടെ പ്രാരംഭ പ്രവർത്തനങ്ങൾ ആരംഭിച്ചതോടെ വഴിയോര കച്ചവടക്കാർ ആശങ്കയിലാണ്. ഇവരുടെ പുനരധിവാസ കാര്യത്തിൽ നഗരസഭാ അധികൃതർ ഒരു നടപടിയും സ്വീകരിക്കുന്നില്ലെന്നാണ് പരാതി. നഗരക്കച്ചവട കമ്മിറ്റി വിളിച്ച് ചേർത്ത് വഴിയോര കച്ചവടക്കാരുടെ പുനരധിവാസ പാക്കേജിനെ ക്കുറിച്ച് ചർച്ച ചെയ്യണമെന്നതാണ് ആവശ്യം.