 
കൊട്ടാരക്കര: ദേശീയ ബാലശാസ്ത്ര കോൺഗ്രസിന്റെ ജില്ലാതല മത്സരത്തിൽ ജൂനിയർ, സീനിയർ വിഭാഗങ്ങളിൽ പുത്തൂർ ഗവ.ഹയർ സെക്കൻഡറി സ്കൂളിലെ വിദ്യാർത്ഥികൾ ജേതാക്കളായി. മൈക്രോഗ്രീൻസിന്റെ പോഷക ഗുണങ്ങളെക്കുറിച്ച് പഠിച്ച ഹൈസ്കൂൾ വിഭാഗം കുട്ടികളായ കീർത്തന മനോജ്, എസ്.ഡി.ദിഷ എന്നിവർ സീനിയർ വിഭാഗം ജേതാക്കളായി. സംസ്ഥാനതലത്തിലേക്ക് തിരഞ്ഞെടുക്കപ്പെടുകയും ചെയ്തു. ജൂനിയർ വിഭാഗത്തിൽ എട്ടാം ക്ളാസ് വിദ്യാർത്ഥികളായ നീരജ പിള്ളയും നിരഞ്ജന പിള്ളയും ഒന്നാം സ്ഥാനത്തെത്തി. കൊവിഡിൽ തളിരിട്ട കൃഷിയിടങ്ങൾ എന്ന വിഷയത്തിലായിരുന്നു ഇവരുടെ മികവ്. ഹൈസ്കൂൾ വിഭാഗത്തിൽ നിയ എബിയും ശിവപ്രിയ സതീഷും ചേർന്ന് അവതരിപ്പിച്ച പൂന്തോട്ട നിർമ്മാണത്തിലെ ചില പുത്തൻ പ്രവണതകൾ, എട്ടാം ക്ളാസ് വിദ്യാർത്ഥികളായ ജഗൻ ഗോപൻ, ഭദ്ര പ്രതാപൻ എന്നിവർ ചേർന്ന് കൊവിഡാനന്തര വിദ്യാഭ്യാസ കാലഘട്ടത്തിൽ അദ്ധ്യാപകരിലും കുട്ടികളിലുമുണ്ടാകുന്ന മാറ്റങ്ങൾ എന്ന വിഷയങ്ങളിലെ പഠനങ്ങളും സംസ്ഥാനതലത്തിലേക്ക് തിരഞ്ഞെടുക്കപ്പെട്ടിട്ടുണ്ട്. സ്കൂളിൽ നിന്ന് പങ്കെടുത്ത ഏഴിൽ നാല് ടീമുകളും സംസ്ഥാനതലത്തിലേക്ക് തിരഞ്ഞെടുക്കപ്പെട്ടു. ബാലശാസ്ത്ര അദ്ധ്യാപകരായ ആർ.എസ്.അർച്ചന, പി.സ്മിത, ചിത്ര ജെ.നായർ, വി.ആർ.രമ്യ എന്നിവരാണ് പഠനപ്രവർത്തനങ്ങൾക്ക് മാർഗനിർദ്ദേശം നൽകിയത്.