കൊല്ലം: ഇരുമ്പ് പാലത്തിന് സമാന്തരമായുള്ള പുതിയ പാലത്തിന്റെ നവീകരണ പ്രവൃത്തികളുടെ ആദ്യഘട്ടം ഇന്ന് പൂർത്തിയാകും. പാലത്തിന്റെ നിലവിലുള്ള എക്സ്പാൻഷൻ ജോയിന്റുകൾ മാറ്റി പുതിയത് സ്ഥാപിച്ച് കോൺക്രീറ്റ് ചെയ്യുന്ന, ഒരു വശത്തെ ജോലി​കളാണ് ഇന്നു തീരുന്നത്.

പാലത്തിന്റെ സ്പാനുകൾക്കിടയിൽ സ്ഥാപിച്ചിട്ടുള്ള ജോയിന്റുകൾ ഇളക്കിമാറ്റി പുതിയതു സ്ഥാപിച്ചു കോൺക്രീറ്റ് ചെയ്യുന്ന ജോലികളാണ് പുരോഗമിക്കുന്നത്. ഏഴര മീറ്റർ നീളത്തിലുള്ള 18 ജോയിന്റുകളാണ് പാലത്തിനുള്ളത്. ജോയിന്റുകൾ സ്ഥാപിച്ചിരിക്കുന്ന കോൺക്രീറ്റ് ഉറയ്ക്കുന്നതിന് 14 ദിവസം വേണ്ടിവരും. ഈ സമയം മറുവശത്തെ ജോലികൾ പൂർത്തിയാക്കും. 8 പേർ അടങ്ങുന്ന ടീമാണ് ജോലി ചെയ്യുന്നത്. തുടർച്ചയായ മഴയാണ് തടസമുണ്ടാക്കുന്നത്.

നവംബർ 18നാണ് പുതിയ ഇരുമ്പു പാലത്തിന്റെ അറ്റകുറ്റപ്പണികൾ ആരംഭിച്ചത്. പൂർത്തിയാകാൻ ഒന്നര മാസം വേണ്ടി വരുമെന്നാണ് അറിയിച്ചിരുന്നത്. ഈ മാസം അവസാനത്തോടെ തീരുമെന്നാണ് പ്രതീക്ഷ. പഴയ പാലത്തിന്റെ കോൺക്രീറ്റിന് ഉറപ്പുള്ളതിനായിൽ പൊട്ടിക്കാൻ ബുദ്ധി​മുട്ടുണ്ട്.

 കേബിൾ മോഷ്ടാവിനെ തേടുന്നു

പാലത്തിന്റെ നവീകരണം ഒരു ദിവസം പ്രതിസന്ധിയിലാക്കിയ കേബിൾ മോഷ്ടാവിനെ ഇതുവരെ കണ്ടെത്താനായില്ല. കഴിഞ്ഞയാഴ്ചയാണ് നവീകരണത്തിന്റെ ഭാഗമായുള്ള വെൽഡിംഗ് ജോലികൾക്ക് ജനറേറ്ററിൽ നിന്നു വൈദ്യുതി എത്തിക്കാൻ ഉപയോഗിച്ചിരുന്ന 120 മീറ്രർ നീളമുള്ള കേബിളും സ്വിച്ച് ബോർഡുകളും മോഷണം പോയത്. പൊലീസ് പരിസരത്തെ സി.സി ടി.വി ദൃശ്യങ്ങൾ പരിശോധിച്ചെങ്കിലും മോഷ്ടാവിനെ കിട്ടിയില്ല. ആക്രിക്കടകൾ കേന്ദ്രീകരിച്ച് അന്വേഷണം നടക്കുന്നുണ്ട്.