road-
കലയപുരത്ത് എം.സി.റോഡിനോടു ചേർന്ന പഴയ റോഡിന്റെ ഭാഗങ്ങൾ

കൊട്ടാരക്കര: എം.സി റോഡ് പുനർനിർമ്മിച്ചതോടെ ഒഴിവാക്കപ്പെട്ട പഴയറോഡിന്റെ ഭാഗങ്ങളിൽ വ്യാപക കൈയേറ്റം. ഏനാത്ത് മുതൽ നിലമേൽവരെയുള്ള നിരവധി ഭാഗങ്ങളിൽ റോഡ് കൈയേറി നിർമ്മാണ പ്രവർത്തനങ്ങൾ നടത്തിയിട്ടുണ്ട്. പഴയ റോഡിൽ നിരവധിയാളുകൾ കൃഷി ചെയ്യുന്നുമുണ്ട്. വളവ് നിവർത്തുന്നതിനും വലിയ കൈയേറ്റങ്ങൾ ഒഴിവാക്കുന്നതിനുമായാണ് പലയിടത്തും എം.സി റോഡിന്റെ അലൈൻമന്റിൽ മാറ്റം വരുത്തിയത്.

പുതിയ റോഡ് നിലവിൽ വന്നതോടെ പഴയറോഡിന്റെ ഭാഗങ്ങൾ ആരും ശ്രദ്ധിക്കാതെയായി. ഇത് മറയാക്കിയാണ് പലരും കൈയേറ്റം വ്യാപകമാക്കിയത്. പഴയ റോഡിനോടുചേർന്ന് പുതിയ റോഡ് കടന്നുപോകുന്നിടമെല്ലാം കച്ചവടക്കാർ കൈയേറി. മുമ്പ് റോഡരികിൽ ഭൂമിയുണ്ടായിരുന്ന ചിലർ ഇതിനൊടൊപ്പം പഴയ റോഡ് ഭാഗവും കൈയേറിയിട്ടിട്ടുണ്ട്.

പഴയ റോഡ് പൊതുമരാമത്തിന് കൈമാറി
ഇടറോഡുകളായി ഉപയോഗിച്ചുകൊണ്ടിരിക്കുന്ന പഴയ എം.സി റോഡ് ഭാഗങ്ങൾ അറ്റകുറ്റപ്പണികൾക്കായി പൊതുമരാമത്തിന് കൈമാറി. പൊതുമരാമത്ത് ചീഫ് എൻജിനിയറുടെ ആവശ്യ പ്രകാരമാണ് കൈമാറ്റം. ഇത് സംബന്ധിച്ച കത്ത് ബന്ധപ്പെട്ട പൊതുമരാമത്ത് ഓഫീസർമാർക്ക് കെ.എസ്.ടി.പി അധികൃതർ കൈമാറിയിട്ടുണ്ട്. ഇടറോഡുകൾ തകർന്നു കിടക്കുന്നത് പ്രദേശവാസികളെ വലയ്ക്കുകയാണ്. ഇനി പൊതുമരാമത്തിന്റെ ചുമതലയിലായിരിക്കും ഇവിടങ്ങളിലെ നിർമ്മാണവും സംരക്ഷണവും.

തട്ടുകടകൾ സ്ഥിരംകടകളായി

സ്വകാര്യഭൂമിയിൽ അല്ലാതെ നിരവധി വ്യാപാര സ്ഥാപനങ്ങളാണ് കുറഞ്ഞ വർഷത്തിനുള്ളിൽ എം.സി റോഡിന്റെ വശങ്ങളിൽ ഉയർന്നത്. തട്ടുകടയെന്ന രീതിയിൽ ആരംഭിച്ച പലതും ഇപ്പോൾ സ്ഥിരം കടകളായി മാറി. പലയിടത്തും കൈയേറ്റങ്ങൾ ഒഴിയണമെന്ന് കാട്ടി കെ.എസ്.ടി.പി നോട്ടീസ് നൽകിയിട്ടുണ്ട്. കാടുമൂടുന്ന പഴയറോഡ് ഭാഗങ്ങൾ മറ്റെന്തെങ്കിലും പൊതു ആവശ്യങ്ങൾക്ക് വിട്ടുനൽകണമെന്ന ആവശ്യവും ശക്തമാണ്. കുളക്കടയിൽ കെ.എസ്.ഇ.ബി ഓഫീസ് നിർമ്മാണത്തിന് സ്ഥലം ലഭ്യമാക്കിയതുപോലെ പ്രാദേശികമായി ആവശ്യമുള്ള സ്ഥാപനങ്ങളുടെ നിർമ്മാണത്തിന് ഈ സ്ഥലങ്ങൾ ഉപയോഗിക്കാം.

കൃത്യമായ വിവരശേഖരണം വേണം

കൈയേറപ്പെട്ട റോഡ് ഭൂമിയുടെ കൃത്യമായ വിവരശേഖരണം നടത്തണമെന്ന ആവശ്യം ഉയരുന്നുണ്ട്. മുമ്പ് താലൂക്ക് സഭകളിൽ ഈ ആവശ്യം ഉയർന്നിരുന്നു. കൈയേറ്റങ്ങൾ ഒഴിപ്പിക്കുമെന്ന പ്രഖ്യാപനമുണ്ടായതല്ലാതെ നടപടികളുണ്ടായില്ല. നിലവിലെ എം.സി റോഡിനോടുചേർന്ന താഴ്ന്ന പ്രദേശങ്ങൾ നികത്താനുള്ള നീക്കങ്ങളും സജീവമാണ്. വലിയ കെട്ടിടനിർമ്മാണങ്ങളുടെ ഭാഗമായി നീക്കം ചെയ്യുന്ന മണ്ണും അവശിഷ്ടങ്ങളും റോഡരികിൽ നിക്ഷേപിക്കുകയും ഇവ ക്രമേണെ നീക്കി പുരയിടത്തിലേക്കു തള്ളി നികത്തുന്നതുമാണ് രീതി.