പുനലൂർ : കൊല്ലം-തിരുമംഗലം ദേശീയ പാതയിൽ പുനലൂരിന് സമീപത്തെ വാളക്കോട് മേൽപ്പാലത്തിന്റെ പുനർ നിർമ്മാണം അനന്തമായി നീളുന്നതിൽ വ്യാപക പ്രതിഷേധം.
വാഹനയാത്രക്കാർക്കും കാൽനടക്കാർക്കും ഒരുപോലെ ബുദ്ധിമുട്ടായിട്ടും ഗതാഗത തടസം രൂക്ഷമായിട്ടും അധികൃതരുടെ അനങ്ങാപ്പാറ നയം തുടരുകയാണ്.
കെ.എസ്.ആർ.ടി.സി ബസ് ഉൾപ്പടെ ദിവസവും നൂറ് കണക്കിന് വാഹനങ്ങൾ കടന്നുപോകുന്ന അന്തർ സംസ്ഥാന പാതയിലാണ് ഇടുങ്ങിയ പഴഞ്ചൻ മേൽപ്പാലം സ്ഥിതി ചെയ്യുന്നത്.
ബ്രിട്ടീഷുകാർ പണിത മേൽപ്പാലം വഴി ഒരു സമയം ഒരു വാഹത്തിന് മാത്രമേ കടന്ന് പോകാൻ കഴിയൂ. ഇതാണ് വാഹനയാത്രക്കാരെയും കാൽ നടക്കാരെയും ഒരേ പോലെ ബുദ്ധിമുട്ടിലാക്കുന്നത്. മേൽപ്പാലത്തിലൂടെ വാഹനങ്ങൾ വരുമ്പോൾ കാൽ നടക്കാർക്ക് മാറി നിൽക്കാനുളള സ്ഥലം പോലും ഈ ഇടുങ്ങിയ മേൽപ്പാലത്തിലില്ല. പുനലൂർ-ചെങ്കോട്ട റെയിൽവേ ഗേജ് മാറ്റത്തിനൊപ്പം മേൽപ്പാലത്തിന്റെ പുനർ നിർമ്മാണവും റെയിൽവേ ആരംഭിച്ചെങ്കിലും പിന്നീട് ഉപേക്ഷിക്കുകയായിരുന്നു. ദേശീയ പാത അധികൃതരും റെയിൽവേയും തമ്മിലുളള അഭിപ്രായ വ്യത്യാസമാണ് നിർമ്മാണം ഉപേക്ഷിക്കാൻ കാരണമെന്നാണ് അറിയുന്നത്.
ദേശീയ പാതയിലെ വാളക്കോട്ട് ഇരു ദിശകളിലെയും വളവ് തിരിഞ്ഞ് എത്തുമ്പോഴാണ് വാഹനങ്ങൾ മേൽപ്പാലം കാണുന്നത്. തുടർന്ന് വാഹനങ്ങൾ പാലത്തിൽ കയറുമ്പോൾ ഇരു ഭാഗത്തും ഗതാഗത തടസങ്ങൾ നേരിടുന്നത് പതിവ് സംഭവമാണ്.
അയ്യപ്പന്മാർക്കും
രക്ഷയില്ല !
മേൽപ്പാലത്തിന്റെ ഇരുവശങ്ങളിലെയും കരിങ്കൽ കെട്ടിയ കൈവരികൾ രണ്ട് വർഷം മുമ്പ് ഇളകിയത് വാഹനയാത്രികർക്ക് പുറമേ, കാൽ നടക്കാർക്കും ഭീക്ഷണിയായി മാറി. ഇതോടെ കഴിഞ്ഞ വർഷം പലത്തിന്റെ ഇരു വശങ്ങളിലും ഇരുമ്പ് കൈവരികൾ സ്ഥാപിച്ചു. എന്നാൽ,
ചരക്ക് ലോറികൾ ഇടിച്ച് കൈവരികൾക്ക് കേടുപാടുകൾ സംഭവിച്ചു.
നൂറ്റാണ്ട് പഴക്കമുളള മേൽപ്പാലം വഴി 20 ടണ്ണിൽ കൂടുതൽ ഭാരം കയറ്റിയ വാഹനങ്ങൾ കടന്ന് പോകുന്നത് അധികൃതർ വിലക്കിയിട്ടുണ്ട്. എന്നാൽ, 60 ടണ്ണിൽ കൂടുതൽ ഭാരം വഹിക്കുന്ന ലോറികളാണ് പലപ്പോഴും ഇതുവഴി കടന്ന് പോകുന്നത്. ശബരിമല സീസൺ ആരംഭിച്ചിട്ടും ഇടുങ്ങിയ വാളക്കോട് മേൽപ്പാലം പുനർ നിർമ്മിക്കാത്തത് അന്യ സംസ്ഥാനങ്ങളിൽ നിന്നുള്ള തീർത്ഥാടകർക്കും വെല്ലുവിളിയായിരിക്കുകയാണ്.