t

കൊല്ലം: നിക്ഷേപകരിൽ നിന്ന് ലക്ഷങ്ങൾ തട്ടിയതിനെത്തുടർന്ന് അടച്ചുപൂട്ടിയ പോപ്പുലർ ഫിനാൻസ് കമ്പനി ലിമിറ്റഡുമായി ബന്ധപ്പെട്ട് ജില്ലയിലുള്ള എല്ലാ സാമഗ്രികളും രേഖകളും ട്രഷറികളിലേക്ക് മാറ്റാൻ സബ് കളക്ടറുടെയും സബ് ഡിവിഷണൽ മജിസ്ട്രേറ്റിന്റെയും ചുമതല വഹിക്കുന്ന എൽ.എ ഡെപ്യൂട്ടി കളക്ടർ ഉത്തരവിട്ടു.

പോപ്പുലർ ഫിനാൻസ് സ്ഥാപനങ്ങൾ, അനുബന്ധ സ്ഥാപനങ്ങൾ എന്നിവിടങ്ങളിലുള്ള സ്വർണം അടക്കമുള്ള പണയ സാമഗ്രികൾ, ചെക്കുകൾ, പ്രമാണങ്ങൾ, അക്കൗണ്ട് വിവരങ്ങൾ, പണം തുടങ്ങിയവയാണ് ട്രഷറികളിലേക്ക് മാറ്റുന്നത്. കമ്പനി ഉടമകളുടെയും ഡയറക്ടർമാരുടെയും ജില്ലയിലെ വീടുകളിൽ നിന്നു കണ്ടെടുത്ത സാമഗ്രികളും രേഖകളും ഇത്തരത്തിൽ മാറ്റും. സ്വർണം അടക്കമുള്ള ആഭരണങ്ങൾ മാറ്റുമ്പോൾ മാറ്റ് കൃത്യമായി പരിശോധിച്ച് രേഖപ്പെടുത്തണമെന്നും നിർദ്ദേശമുണ്ട്. ട്രഷറിയിലേക്ക് മാറ്റാൻ കഴിയാത്ത വലിയ സാമഗ്രികൾ സ്ഥാപനത്തിൽ തന്നെ സീൽ ചെയ്തു പൂട്ടണം.