പുനലൂർ: കനത്ത മഴയിൽ ആര്യങ്കാവിൽ വീണ്ടും ഉരുൾ പൊട്ടിയതായി സംശയം. ആര്യങ്കാവിലെ ഇടപ്പാളയം ഫോറസ്റ്റ് സ്റ്റേഷന് സമീപം ഉരുൾ പെട്ടിയതായിട്ടാണ് നാട്ടുകാർ പറയുന്നത്. മഴ ആരംഭിച്ച് അര മണിക്കൂറിനുളളിൽ തോട്ടിലും സമീപപ്രദേശങ്ങളിലും മല വെളളം ഉയർന്നു. കനത്ത മഴയെ തുടർന്ന് ആര്യങ്കാവ് ആർ.ഒ.ജംഗ്ഷനിലെ നാല് വീടകളിലും ഒരു സ്റ്റേഷനിറി കടയിലും വെളളം കയറി. കുമാർ, ശേഖർ,ഗോപി,ജോസ് എന്നിവരുടെ വീടുകളിലും സമീപത്തെ ജയിംസിൻെറ സ്റ്റേഷനറി കടയിലുമാണ് വെള്ളം കയറിയത്. സഹകരണ ബാങ്കിന് മുമ്പിൽ വൻ വെളളക്കെട്ട് രൂപപ്പെട്ടത് കാരണം ദേശീയ പാതയിൽ ഗതാഗതം ഭാഗീകമായി തടസ്സപ്പെട്ടിരിക്കുകയാണ്. ഇന്നലെ വൈകിട്ട് 5.30നാണ് കനത്ത മഴ തുടങ്ങിയത്. തുടർന്ന് ഇടപ്പാളയത്തെ തോമസ് കുട്ടിയുടെ ഹാർഡ് വെയറിലും ജോൺസന്റെ ഹോട്ടലിലും അസീസിന്റെ കടയിലും വെളളം കയറി. കഴിഞ്ഞ മാസം പെയ്ത ശക്തമായ മഴയിൽ ഉരുൾ പൊട്ടി ഇടപ്പാളയത്ത് നാല് കോളനികളിൽ വെളളം കയറി വ്യാപക നാശം സംഭവിച്ചിരുന്നു.