കരുനാഗപ്പള്ളി: ഹൈവേ വികസനവുമായി ബന്ധപ്പെട്ട് ഒഴിപ്പിക്കുന്ന മുഴുവൻ വഴിയോരക്കച്ചവടക്കാരെയും പുനരധിവാസം നൽകി സംരക്ഷിക്കണമെന്ന് കേരളാ സ്‌റ്റേറ്റ് വഴിയോര കച്ചവട തൊഴിലാളി ഫെഡറേഷൻ (എ.ഐ.ടി.യു.സി ) കൊല്ലം ജില്ലാ കമ്മിറ്റി ആവശ്യപ്പെട്ടു. വികലാംഗരും സ്ത്രീകളും നിത്യരോഗികളും ഉൾപ്പെടെ ജില്ലയിൽ ആയിരക്കണക്കിന് പേരാണ് വഴിയോരക്കച്ചവടത്തെ ആശ്രയിച്ച് ഉപജീവനം നടത്തുന്നത്. ഇവരെ സംരക്ഷിക്കേണ്ടത് ന്യായമായ ആവശ്യമാണെന്ന് യോഗം ചൂണ്ടിക്കാട്ടി. കരുനാഗപ്പള്ളി നഗരസഭ സർവേ നടത്തിയാണ് 185ൽ അധികം കച്ചവടക്കാർക്കാണ് ലൈസൻസ് നൽകിയത്. സർവേ നടത്തിയതിൽ ഇനിയും ലൈസൻസ് ലഭിക്കാനുള്ളവരും ഉണ്ട്. എത്രയും വേഗം ലൈസൻസ് നൽകാനുള്ള നടപടി പൂർത്തിയാക്കിയും പുനരധിവാസ പാക്കേജ് ഉറപ്പാക്കിയും വഴിയോര കച്ചവടക്കാരുടെ ജീവിതം സംരക്ഷിക്കണം. നഗരസഭ മുൻകൈയെടുത്ത് നഗരക്കച്ചവടക്കമ്മിറ്റി എത്രയും വേഗം വിളിച്ച് ചേർത്ത് ശാശ്വത പരിഹാരം കാണണമെന്ന് യോഗത്തിൽ ജില്ലാ പ്രസിഡന്റ് അഡ്വ. ആർ. വിജയകുമാർ, ജില്ലാ സെക്രട്ടറി നവാസ് കുറ്റിയിൽ എന്നിവർ ആവശ്യപ്പെട്ടു.