 
 മാതൃകയായി പെരുംകുളത്തെ കരുതൽ സംഘടന
കൊല്ലം: പുത്തനുടുപ്പിന്റെ പുതുമണം നുകരാൻ കൊതിയുണ്ടെങ്കിലും മാർഗമില്ലാതെ നിരാശപ്പെടുന്നവർക്ക് ആശ്വാസം പകരാനൊരു കേന്ദ്രമൊരുങ്ങി. നേരെ കൊട്ടാരക്കര പെരുംകുളത്തേക്ക് വരിക, ഇല്ലായ്മക്കാരന്റെ സങ്കടങ്ങളറിഞ്ഞ് ഗ്രാമനന്മ തുടങ്ങിയ 'കുപ്പായക്കൂട്ടി'ൽ നിന്ന് വസ്ത്രങ്ങളെടുക്കാം.
പുതിയ വസ്ത്രമില്ലാതെ വിഷമിക്കുന്നവർ ആരും ഉണ്ടാകരുതെന്ന ചിന്തയോടെ പെരുംകുളത്തെ 'കരുതൽ' എന്ന സംഘടന തുടങ്ങിയതാണ് കുപ്പായക്കൂട്. ഈ കൂട് അടയ്ക്കാറില്ല. പുതുവസ്ത്രങ്ങളും ഉപയോഗ യോഗ്യമായ പഴയ വസ്ത്രങ്ങളും കൂട്ടിൽ നിറച്ചുണ്ടാവും. ആരോടും ചോദിക്കാതെ, യാതൊരു നാണക്കേടും തോന്നാതെ ഇഷ്ടമുള്ള വസ്ത്രമെടുക്കാം. കുപ്പായക്കൂട് തുറന്ന് ഒരാഴ്ച പിന്നിട്ടപ്പോൾത്തന്നെ ഒരുപാടുപേർക്ക് ഗുണം ചെയ്തെന്ന് സംഘാടകർക്ക് ബോദ്ധ്യപ്പെട്ടു. കുട്ടികളുടെ വസ്ത്രങ്ങളാണ് കൂടുതലായി പോയത്. നാട്ടുകാരും വഴിയാത്രക്കാരും ഉപയോഗപ്രദമായ വസ്ത്രങ്ങൾ കുപ്പായക്കൂട്ടിൽ നിറയ്ക്കാൻ താത്പര്യം കാട്ടുന്നുണ്ട്. കൊട്ടാരക്കര- പൂവറ്റൂർ റോഡരികിലായി പെരുംകുളം സൊറവരമ്പിലാണ് ബസ് കാത്തിരിപ്പ് കേന്ദ്രത്തിനൊപ്പം കുപ്പായക്കൂട് സ്ഥാപിച്ചത്.
 നാലറ, നാലുതരം വസ്ത്രം
പുരുഷൻമാർക്കും സ്ത്രീകൾക്കും ആൺകുട്ടികൾക്കും പെൺകുട്ടികൾക്കുമുള്ള വസ്ത്രങ്ങൾ വിവിധ അറകളിലാണ് സൂക്ഷിച്ചിട്ടുള്ളത്. കൊണ്ടുവരുന്ന വസ്ത്രം വയ്ക്കാൻ ഒരു അറയുണ്ട്. ഉപയോഗപ്രദമെന്ന് ഉറപ്പാക്കിയ ശേഷം കരുതൽ പ്രവർത്തകർ വസ്ത്രം വേർതിരിച്ചു മാറ്റും. കൂട് പൂട്ടാറില്ല. എപ്പോൾ വേണമെങ്കിലും വസ്ത്രമെടുക്കാം. കരുതൽ പ്രവർത്തകരിൽ ഏറെയും സർക്കാർ ഉദ്യോഗസ്ഥരാണ്. അവരുടെ വകയായി മാസംതോറും പുതുവസ്ത്രങ്ങളും വാങ്ങി നിറയ്ക്കാറുണ്ട്.
.................................
നിറവും ഫാഷനും ഇഷ്ടപ്പെടാത്തതിനാലോ അളവ് ശരിയല്ലാത്തതിനാലോ പലരുടെയും വീടുകളിൽ പുതുവസ്ത്രങ്ങൾ അലമാരകളിൽ അടുക്കിവച്ചിട്ടുണ്ടാകും. ആർക്കും ഉപയോഗമില്ലാത്ത ഇത്തരം വസ്ത്രങ്ങൾ കുപ്പായക്കൂട്ടിൽ വച്ചാൽ ഇല്ലായ്മക്കാർക്ക് ഉപയോഗിക്കാനാകും
ജി.ആർ.രാജേഷ്, കരുതൽ ചാരിറ്റബിൾ സൊസൈറ്റി, പെരുംകുളം
 പുസ്തക ഗ്രാമത്തിന്റെ നന്മ (ബോക്സ്)
നാടിന്റെ വായനശീലം വളർത്താനായി പുസ്തകക്കൂടുകൾ സ്ഥാപിച്ചുകൊണ്ടാണ് പെരുംകുളം ഗ്രാമം നന്മയുടെ തിരി തെളിച്ചത്. ഒട്ടേറെ സേവന പ്രവർത്തനങ്ങളിലൂടെ ഗ്രാമം മാതൃകയായി. നാട്ടുകാർ സംഭാവന പിരിച്ച് സ്വന്തമായി സ്റ്റേഡിയം നിർമ്മിച്ചു. ഗവ.വെൽഫെയർ സ്കൂളിന്റെ സംരക്ഷണം ഏറ്റെടുത്തു. സ്കൂളിനുവേണ്ടി ഭൂമി വിലയ്ക്കുവാങ്ങി. കാർഷിക മേഖലയിൽ ഒട്ടേറെ പ്രവർത്തനങ്ങൾ നടത്തി. എല്ലാ വീടുകളിലും ഗാന്ധിജിയുടെ ആത്മകഥയെത്തിച്ചു. റോഡരികിൽ 'സൊറവരമ്പ്' എന്ന പേരിൽ പാർക്ക് സ്ഥാപിച്ചു. ഒന്നിനും സർക്കാരിന്റെ സഹായമില്ല. പെരുംകുളത്തെ പുസ്തക ഗ്രാമമായി സർക്കാർ പ്രഖ്യാപിക്കുകയും ചെയ്തു.