harbour
ആലപ്പാട് അഴീക്കൽ ഫിഷിംഗ് ഹാർബറിന്റെ വികസനവുമായി ബന്ധപ്പെട്ട് സി.ആർ മഹേഷ് എം.എൽ.എയുടെ നേതൃത്വത്തിൽ വസ്തു ഉടമകളുമായി നടന്ന ചർച്ച

ഓച്ചിറ: ആലപ്പാട് അഴീക്കൽ ഫിഷിംഗ് ഹാർബറിന്റെ വികസനവുമായി ബന്ധപ്പെട്ട് വസ്തുഉടമകളുമായുള്ള ചർച്ച കരുനാഗപ്പള്ളി റസ്റ്റ് ഹൗസിൽ നടന്നു. കഴിഞ്ഞദിവസം ഹാർബർ സന്ദർശിച്ച മന്ത്രി സജി ചെറിയാൻ 20 കോടിയുടെ വികസനപദ്ധതികൾ പ്രഖ്യാപിച്ചിരുന്നു. ഇതിനായി കൂടുതൽ സ്ഥലം ഏറ്റെടുക്കുന്നതിനും നിലവിലുള്ള സ്ഥലത്തെ സംബന്ധിച്ച് കേസുകൾ തീർപ്പാക്കുന്നതിനും വസ്തു ഉടമകളുമായി സംസാരിക്കാൻ സി.ആർ. മഹേഷ് എം.എൽ.എയെ മന്ത്രി ചുമതലപ്പെടുത്തിയിരുന്നു. അഴീക്കൽ ഫിഷിംഗ് ഹാർബർ നിർമ്മാണ പ്രവർത്തനങ്ങൾക്കായി റവന്യൂവകുപ്പ് റീസർവേ നമ്പർ 157ലെ 6.97 ഹെക്ടർ 30 സ്ക്വയർ മീറ്റർ വസ്തു അതിർത്തി നിർണയിച്ച് ഹാർബർ എൻജിനിയറിംഗ് വകുപ്പിന് നൽകിയിട്ടുള്ളതാണ്. ഈ വസ്തു 1995 മുതൽ ഹാർബർ എൻജിനിയറിംഗ് വകുപ്പിന്റെ കൈവശമാണ്. വസ്തുഉടമകളായ എസ്. ലീല, ശാരദ, ശ്യാമളാദേവി, മീനാക്ഷിയമ്മ, ലളിതാദേവി എന്നിവരാണ് നിലവിൽ കോടതിയിൽ കേസ് നൽകിയിട്ടുള്ളത്. 2000 മുതൽ ഇതുസംബന്ധിച്ച് ഹരിപ്പാട് കോടതിയിൽ കേസുകൾ നിലനിൽക്കുന്നുണ്ട്. തുടർ ചർച്ചകൾ നടത്തി അവസാനഘട്ട തീരുമാനമെടുക്കുന്നതിനുവേണ്ടി ഫിഷറീസ് മന്ത്രിയുടെ ചേംബറിൽ റവന്യൂ വകുപ്പ് മന്ത്രിയുടെ സാന്നിദ്ധ്യത്തിൽ യോഗം കൂടാൻ തീരുമാനിച്ചു. ഹാർബർ സൂപ്രണ്ടിംഗ് എൻജിനിയർ ജിജി, എക്സിക്യൂട്ടീവ് എൻജിനിയർ ആൻസി, അസിസ്റ്റന്റ് എക്സിക്യുട്ടീവ് എൻജിനിയർ അമല, കരുനാഗപ്പള്ളി തഹസിൽദാർ പി. ഷിബു, സർവേ വിഭാഗത്തിലെ ഉദ്യോഗസ്ഥർ, പതിമൂന്നോളം വസ്തു ഉടമകൾ തുടങ്ങിയവർ യോഗത്തിൽ പങ്കെടുത്തു.