കൊട്ടാരക്കര: കൊട്ടാരക്കര താലൂക്ക് ആശുപത്രി ജില്ലാ ആശുപത്രിയുടെ നിലവാരത്തിലുള്ള ജനറൽ ആശുപത്രിയാക്കി ഉയർത്തണമെന്ന് സി.പി.എം കൊട്ടാരക്കര ഏരിയാ സമ്മേളനം പ്രമേയത്തിലൂടെ ആവശ്യപ്പെട്ടു. രണ്ട് ദിവസങ്ങളിലായി മാവടിയിൽ നടന്ന സമ്മേളനത്തിൽ മന്ത്രി കെ.എൻ. ബാലഗോപാൽ, ജില്ലാ സെക്രട്ടറി എസ്. സുദേവൻ, സംസ്ഥാന കമ്മിറ്റി അംഗം കെ. രാജഗോപാൽ, പി.എ. എബ്രഹാം, സൂസൻകോടി, ജോർജ് മാത്യു, പി. ഐഷാപോറ്റി എന്നിവർ സംസാരിച്ചു. ഏരിയാ കമ്മിറ്റി സെക്രട്ടറിയായി പി.കെ. ജോൺസണെ വീണ്ടും തിരഞ്ഞെടുത്തു. 19 അംഗ ഏരിയ കമ്മിറ്റിയെയും 11 ജില്ലാ സമ്മേളന പ്രതിനിധികളെയും തിരഞ്ഞെടുത്തു. നിലവിലുള്ള അംഗങ്ങളെ കൂടാതെ എം. ചന്ദ്രൻ, കെ. വിജയകുമാർ എന്നിവരെക്കൂടി ഏരിയാകമ്മിറ്റിയിൽ ഉൾപ്പെടുത്തുകയായിരുന്നു. മീൻപിടിപ്പാറ ടൂറിസം പദ്ധതി വിപുലീകരിക്കുക, കൊട്ടാരക്കരയിൽ അഡിഷണൽ ജില്ലാ കോടതി അനുവദിക്കുക, പുത്തൂർ കേന്ദ്രമാക്കി പുതിയ പഞ്ചായത്ത് രൂപീകരിക്കുക എന്നീ പ്രമേയങ്ങളും സമ്മേളനം അംഗീകരിച്ചു.