phot
ആര്യങ്കാവ് മുരുകൻപാഞ്ചാലി റെയിൽവേ പാലത്തിന് സമീപത്തെ റോഡ് മല വെളളപ്പാച്ചിലിൽ ഇടിഞ്ഞു പോയ നിലയിൽ

പുനലൂർ: ആര്യങ്കാവ് മുരുകൻ പാഞ്ചാലി റെയിൽവേ പാലത്തിനുസമീപത്തെ റോഡ് മലവെള്ളപ്പാച്ചിലിൽ ഒലിച്ചുപോയി. സമീപത്തെ 35ഓളം കുടുംബങ്ങൾ വാഹനങ്ങളിൽ കൊല്ലം - തിരുമംഗലം ദേശീയ പാതയിലെത്താൻ ബുദ്ധിമുട്ടുകയാണ്. കനത്ത മഴയിൽ സമീപത്തുകൂടി ഒഴുകുന്ന ചേനഗിരി തോട്ടിൽ മലവെള്ളം ഉയർന്നതോടെയാണ് റോഡിടിഞ്ഞ് ഗതാഗതം മുടങ്ങിയത്. കഴിഞ്ഞമാസംപെയ്ത കനത്ത മഴയിൽ തോട്ടിലെ വെള്ളം ഉയർന്നതോടെ പാതയുടെ ഒരുഭാഗം ഭാഗികമായി ഇടിഞ്ഞു പോയിരുന്നു. പിന്നീട് പാതയോരത്ത് മൺചാക്ക് അടുക്കി റോഡ് താത്കാലികമായി ഗതാഗത യോഗ്യമാക്കി മാറ്റിയിരുന്നു. എന്നാൽ വെളളിയാഴ്ച വൈകിട്ട് പെയ്ത കനത്ത മഴയിൽ പാത പൂർണമായും തോട് കവർന്നെടുത്തു. ഇതുവഴിയുള്ള കാൽനടയാത്ര പോലും ദുസഹമാണ്. വാഹനങ്ങൾ കിലോ മീറ്ററുകൾ ചുറ്റി വേണം താമസസ്ഥലങ്ങളിലെത്താൻ. പാതയുടെ പാർശ്വഭിത്തി ഉടൻ നിർമ്മിച്ച് റോഡ് ഗതാഗത യോഗ്യമാക്കണമെന്നാണ് യാത്രക്കാരുടെ ആവശ്യം.