കുന്നത്തൂർ : കമ്പലടി ചിറയിലെയും പരിസര പ്രദേശങ്ങളിലെയും വെള്ളക്കെട്ടിന് പോരുവഴി പഞ്ചായത്ത് അധികൃതർ അടിയന്തരമായി പരിഹാരം കാണണമെന്ന് ആവശ്യപ്പെട്ട് പ്രദേശവാസികൾ ഒപ്പ് ശേഖരണം നടത്തി പഞ്ചായത്ത് പ്രസിഡന്റിന് കൈമാറി. അടിയന്തരമായി വിഷയത്തിൽ ഇടപെടാമെന്നും പി.ഡബ്ലിയു.ഡി അടക്കമുള്ള ഉദ്യോഗസ്ഥരെ നേരിൽക്കണ്ട് ബോദ്ധ്യപ്പെടുത്താമെന്നും ഉറപ്പു ലഭിച്ചു. ചിറയിൽ ജംഗ്ഷന് കിഴക്ക് വീടിന്റെ ചുറ്റും വെള്ളം കെട്ടി നിൽക്കുന്ന വീടുകളിൽ യൂത്ത് കോൺഗ്രസ് പ്രവർത്തകർ മോട്ടോർ ഉപയോഗിച്ച് വെള്ളം അടിച്ച് വറ്റിച്ചു. കോൺഗ്രസ് പ്രവർത്തകരായ ഷിഹാബ് അയന്തിയിൽ, നാസർ കിണറുവിള, ജലീൽ പള്ളിയടി, ഷൈജു ഷംനാദ്, അയന്തിയിൽ നവാസ്, കലതിയിൽ ഹാരിസ് പുലിവേലിൽ എന്നിവർ നേതൃത്വം നൽകി.