office-1
അഞ്ചാലുംമൂട് സബ് രജിസ്ട്രാറുടെ കാര്യാലയം

പ്രതിഷേധം ശക്തം

കൊല്ലം: അഞ്ചാലുംമൂട് സബ് രജിസ്ട്രാർ ഓഫീസ് മാറ്റിസ്ഥാപിക്കാനുള്ള അധികൃതരുടെ തീരുമാനത്തിൽ വ്യാപക പ്രതിഷേധം. ചിറ്റുമല ബ്ലോക്ക് പഞ്ചായത്തിന്റെ ഉടമസ്ഥതയിലുള്ള കെട്ടിടത്തിൽ വാടകയ്ക്കാണ് ഇപ്പോൾ ഓഫീസ് പ്രവർത്തിക്കുന്നത്. 5 കിലോമീറ്റർ അകലെ തേവള്ളി പാലത്തിന് സമീപം കോട്ടയത്ത്കടവിലുള്ള സർക്കാർ പുറമ്പോക്കിൽ പുതിയ കെട്ടിടം നിർമ്മിച്ച് ഓഫീസ് പ്രവർത്തനം അവിടേക്ക് മാറ്റാനാണ് തീരുമാനം. തൃക്കരുവ, തൃക്കടവൂർ വില്ലേജ് പരിധിയിലെ അഞ്ചാലുംമൂട്, പ്രാക്കുളം, അഷ്ടമുടി, പനയം, നീരാവിൽ, കുരീപ്പുഴ, അമ്പഴവയൽ, ഞാറയ്ക്കൽ, കുപ്പണ, കടവൂർ ഭാഗങ്ങളിലുള്ളവർ രജിസ്‌ട്രേഷൻ നടപടികൾക്ക് ഏറ്റവുംകൂടുതൽ ആശ്രയിക്കുന്നത് അഞ്ചാലുംമൂട് സബ് രജിസ്ട്രാർ ഓഫീസിനെയാണ്.

ഓഫീസ് മാറ്റുന്നത് ഈ ഭാഗങ്ങളിലുള്ളവർക്ക് അധികയാത്രാചെലവും ബുദ്ധിമുട്ടുമുണ്ടാക്കുമെന്നതിൽ തർക്കമില്ല. നിലവിൽ കണ്ടെത്തിയിരിക്കുന്ന സ്ഥലത്ത് നിന്ന് ബസ് സ്റ്റോപ്പിലേക്ക് ഏകദേശം 200 മീറ്ററോളം ദൂരവുമുണ്ട്. ജില്ലാ രജിസ്ട്രാർ, അഞ്ചാലുംമൂട് സബ് രജിസ്ട്രാർ, തൃക്കടവൂർ വില്ലേജ് ഓഫീസർ എന്നിവരുടെ നേതൃത്വത്തിൽ സ്ഥലപരിശോധനപൂർത്തിയാക്കി നടപടികൾ പുരോഗമിക്കുകയാണ്.

ഉപയോഗിക്കാൻ കഴിയുന്ന കെട്ടിടം തൊട്ടടുത്തുണ്ട്

സബ് രജിസ്ട്രാർ ഓഫീസിന്റെ സമീപത്ത് പഴയ ബ്ലോക്ക്ഓഫീസ് പ്രവർത്തിച്ചിരുന്ന കെട്ടിടം ഇപ്പോൾ ഉപയോഗിക്കാതെ കിടക്കുകയാണ്. നഗരസഭയുടെ ഉടമസ്ഥതയിലുള്ള കെട്ടിടം രജിസ്‌ട്രേഷൻ വകുപ്പിന് നൽകണമെന്ന് കാട്ടി മുൻ അഞ്ചാലുംമൂട് സബ് രജിസ്ട്രാർ 2020ൽ കത്തിടപാട് നടത്തുകയും നടപടി സ്വീകരിക്കുകയും ചെയ്തിരുന്നു. എന്നാൽ അധികൃതതലത്തിൽ മേൽനടപടിയുണ്ടായില്ല. ഉപയോഗമില്ലാതെ കിടക്കുന്ന കെട്ടിടം വകുപ്പിനുകൈമാറിയാൽ ഓഫീസ് പ്രവർത്തനം സുഗമമാകുന്നതിനൊപ്പം നാട്ടുകാരുടെ ബുദ്ധിമുട്ടും ഒഴിവാക്കാം.

ഓഫീസ് പ്രവർത്തനം മാറ്റിയാൽ തൃക്കരുവ, തൃക്കടവൂർ വില്ലേജുകളിലുള്ളവർക്ക് രജിസ്ട്രേഷനും മറ്റ് ആവശ്യങ്ങൾക്കുമായി കിലോമീറ്ററുകൾ യാത്ര ചെയ്യേണ്ട അവസ്ഥവരും. നിലവിലുള്ള ഓഫീസിന് സമീപത്തെ പഴയ ബ്ലോക്ക് ഓഫീസ് കെട്ടിടം അഞ്ചാലുംമൂട് സബ് രജിസ്ട്രാർ ഓഫീസിന് വിട്ടുനൽകാനുള്ള നടപടി സ്വീകരിക്കണമെന്ന് ചൂണ്ടിക്കാട്ടി മുഖ്യമന്ത്രി, വകുപ്പ് മന്ത്രി, എം.പി, എം.എൽ.എ, മേയർ, ചിറ്റുമല ബ്ലോക്ക്, തൃക്കരുവ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റുമാർ എന്നിവർക്ക് നിവേദനം നൽകിയിട്ടുണ്ട്.

- എസ്. മുരളീധരൻ പിള്ള (പ്രസിഡന്റ്), എ. അനിൽ കുമാർ (സെക്രട്ടറി), ആർ. ബൈജു (ട്രഷറർ)

ആധാരം എഴുത്ത് അസോസിയേഷൻ, അഞ്ചാലുംമൂട് യൂണിറ്റ്