photo
വെള്ളാപ്പള്ളി നടേശന്റെ ധന്യസാരഥ്യത്തിന്റെ രജതജൂബിലി ആഘോഷങ്ങൾ കൊട്ടാരക്കര യൂണി​യൻ ഓഫീസി​ലെ സമൂഹമഠം ഹാളി​ൽ സജ്ജമാക്കി​യ സ്ക്രീനി​ൽ വീക്ഷിക്കുന്ന യൂണിയൻ നേതാക്കളും പ്രവർത്തകരും

കൊല്ലം: ശ്രീനാരായണ പ്രസ്ഥാനങ്ങളുടെ സാരഥ്യത്തിൽ വെള്ളാപ്പള്ളി നടേശൻ രജതജൂബിലി തികച്ചതിന്റെ ആഘോഷങ്ങളുടെ ആവേശത്തിൽ കൊട്ടാരക്കരയും. ചേർത്തല എസ്.എൻ കോളേജിൽ പ്രത്യേകം തയ്യാറാക്കിയ വേദിയിലെ ആഘോഷ പരിപാടികൾ വലിയ സ്ക്രീനിൽ തെളിഞ്ഞപ്പോൾ കൊട്ടാരക്കരയിലെ യൂണിയൻ, ശാഖ, പോഷക സംഘടനാ നേതാക്കൾ ഉൾപ്പെടെയുള്ളവർ കരഘോഷം മുഴക്കി.

ചേർത്തലയിലെ ആഘോഷപരിപാടികളുടെ തത്സമയ ദൃശ്യങ്ങൾ കാണാനായി ഇന്നലെ എസ്.എൻ.ഡി.പി യോഗം കൊട്ടാരക്കര യൂണിയന്റെ നേതൃത്വത്തിൽ യൂണിയൻ ആസ്ഥാനത്തിന് സമീപത്തെ സമൂഹമഠം ഹാളിൽ വിപുലമായ സൗകര്യങ്ങളാണ് ഒരുക്കിയിരുന്നത്. യൂണിയൻ പ്രസിഡന്റ് സതീഷ് സത്യപാലൻ ഭദ്രദീപം തെളിച്ച് സംഗമം ഉദ്ഘാടനം ചെയ്തു. സെക്രട്ടറി അഡ്വ.പി.അരുൾ, വൈസ് പ്രസിഡന്റ് അഡ്വ.എം.എൻ.നടരാജൻ, യോഗം ബോർ‌ഡ് മെമ്പർമാരായ അഡ്വ.പി.സജീവ് ബാബു,അഡ്വ.എൻ.രവീന്ദ്രൻ, അനിൽ ആനക്കോട്ടൂർ, യൂണിയൻ കൗൺസിൽ അംഗങ്ങൾ, ആഡിറ്റ്- ദേവസ്വം കമ്മിറ്റി അംഗങ്ങൾ, ട്രസ്റ്റ് ബോർഡ് മെമ്പർമാർ, വിവിധ ശാഖായോഗങ്ങളിൽ നിന്നുള്ള ഭാരവാഹികൾ, വനതാസംഘം, യൂത്ത് മൂവ്മെന്റ് ഭാരവാഹികൾ എന്നിവർ പങ്കെടുത്തു. യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശന് ഗവർണർ ആരിഫ് മുഖമ്മദ് ഖാൻ ഉപഹാരം സമ്മാനിച്ചപ്പോഴും മുഖ്യമന്ത്രി പിണറായി വിജയനടക്കമുള്ള പ്രമുഖർ വെള്ളാപ്പള്ളിയുടെ ധന്യസാരഥ്യത്തിലൂടെ യോഗത്തിനുണ്ടായ നേട്ടങ്ങൾ വി​വരി​ച്ചപ്പോഴും ചടങ്ങ് വീക്ഷിച്ചവർ ആവേശഭരി​തരായി​.