കൊട്ടാരക്കര: എസ്.എൻ.ഡി.പി യോഗം കുഴിമതിക്കാട് തളവൂർക്കോണം 1190ാം നമ്പർ ശാഖയുടെ ശ്രീനാരായണ ഗുരുദേവ പുന:പ്രതിഷ്ഠാ കർമ്മം 13ന് നടക്കും. ചടങ്ങുകൾക്ക് 10ന് രാവിലെ 11ന് പരുമലയിൽ നിന്നുള്ള പ്രതിഷ്ഠാ ഘോഷയാത്രയോടെ തുടക്കമാകും. ഘോഷയാത്ര തളവൂർക്കോണത്തിലെത്തുമ്പോൾ ഭക്തി നിർഭര ചടങ്ങുകളോടെ സ്വീകരിക്കും. 11ന് രാവിലെ 8ന് ഭാഗവത പാരായണം. 12ന് രാവിലെ ഗുരുപൂജ, മഹാഗണപതിഹോമം, ബിംബശുദ്ധി ക്രിയകൾ, വൈകിട്ട് ഗുരുപൂജ, ശാരദാപൂജ, വാസ്തുബലി, പ്രസാദശുദ്ധി ക്രിയകൾ, സ്ഥലശുദ്ധി, പുണ്യാഹം. 13ന് രാവിലെ മുതൽ സൂര്യപൂജ, ഗണപതിഹോമം, ബ്രഹ്മകലശപൂജ, പരികലശപൂജ. 9.40നും 10.20നും മദ്ധ്യേ പ്രതിഷ്ഠാ കർമ്മം. ശിവഗിരിമഠം തന്ത്രി ശ്രീനാരായണ പ്രസാദിന്റെ മുഖ്യ കാർമ്മികത്വത്തിൽ ശിവഗിരി മഠം ധർമ്മസംഘം ട്രസ്റ്റ് ബോർഡ് മെമ്പർ വിശാലാനന്ദ സ്വാമികൾ പ്രതിഷ്ഠ നടത്തും. കൊട്ടാരക്കര യൂണിയൻ പ്രസിഡന്റ് സതീഷ് സത്യപാലൻ, സെക്രട്ടറി പി.അരുൾ, വൈസ് പ്രസിഡന്റ് എം.എൻ.നടരാജൻ, യോഗം ബോർഡ് മെമ്പർമാരായ പി.സജീവ് ബാബു, എൻ.രവീന്ദ്രൻ, ജി.വിശ്വംഭരൻ, അനിൽ ആനക്കോട്ടൂർ എന്നിവർ പങ്കെടുക്കുമെന്ന് ശാഖാ പ്രസി‌ഡന്റ് ബി.അശോക് കുമാറും സെക്രട്ടറി കെ.രവീന്ദ്രനും അറിയിച്ചു.