photo
വെള്ളാപ്പള്ളി നടേശൻ എസ്.എൻ.ഡി.പി യോഗത്തിന്റെയും എസ്.എൻ ട്രസ്റ്റിന്റെയും സാരഥ്യം ഏറ്റെടുത്തതിന്റെ രജതജൂബിലി ആഘോഷ പരിപാടികളുടെ ഭാഗമായി കരുനാഗപ്പള്ളി യൂണിയൻ സംഘടിപ്പിച്ച മഹാസമ്മേളനം സി.ആർ.മഹേഷ് എം.എൽ.എ ഉദ്ഘാടനം ചെയ്യുന്നു

കരുനാഗപ്പള്ളി: എസ്.എൻ.ഡി.പി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്റെ, കഴിഞ്ഞ 25 വർഷത്തെ ഭരണ കാലഘട്ടം യോഗത്തിന്റെ സുവർണ കാലമാണെന്ന് സി.ആർ.മഹേഷ് എം.എൽ.എ പറഞ്ഞു. വെള്ളാപ്പള്ളി നടേശൻ എസ്.എൻ.ഡി.പി യോഗത്തിന്റെയും എസ്.എൻ ട്രസ്റ്റിന്റെയും സാരഥ്യം ഏറ്റെടുത്തതിന്റെ രജതജൂബിലി ആഘോഷ പരിപാടികളുടെ ഭാഗമായി കരുനാഗപ്പള്ളി യൂണിയൻ സംഘടിപ്പിച്ച മഹാസമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

വെള്ളാപ്പള്ളി നടേശന്റെ നേതൃപാടവത്തിൽ എസ്.എൻ.ഡി.പി യോഗവും എസ്.എൻ ട്രസ്റ്റും മറ്റ് ശ്രീനാരായണ പ്രസ്ഥാനങ്ങളും വളർച്ചയുടെ പടവുകൾ ഒന്നൊന്നായി ചവിട്ടിക്കയറുകയാണ്. യൂണിയനുകളുടെയും ശാഖകളുടെയും എണ്ണത്തിലുണ്ടായ അഭൂതപൂർവ്വമായ വളർച്ച അദ്ദേഹത്തിന്റെ നേതൃശേഷിയുടെ ഉത്തമ ഉദാഹരണങ്ങളാണ്. ശ്രീനാരായണ ഗുരുദേവന്റെ ദർശനങ്ങൾ പൂർണ്ണമായും ഉൾക്കൊണ്ട യോഗം ജനറൽ സെക്രട്ടറി വിദ്യാഭ്യാസ മേഖലയ്ക്ക് കൂടുതൽ ഊന്നൽ നൽകി. നേതാവില്ലാത്ത സമുദായം എന്ന് അടച്ചാക്ഷേപിച്ചവർക്കുള്ള മറുപടിയാണ് ഈഴവ സമുദായത്തിന്റെ സംഘശക്തി. അഭിപ്രായ സ്ഥിരതയും സംഘടനാ പാടവവുമാണ് വെള്ളാപ്പള്ളി നടേശനെ മറ്റുള്ള നേതാക്കളിൽ നിന്നു വേറിട്ടു നിറുത്തുന്നതെന്നും സി.ആർ.മഹേഷ് പറഞ്ഞു.

യൂണിയൻ പ്രസിഡന്റ് കെ.സുശീലൻ അദ്ധ്യക്ഷത വഹിച്ചു. വൈസ് പ്രസിഡന്റ് എസ്.ശോഭനൻ, യോഗം ബോർഡ് മെമ്പർമാരായ കെ.പി.രാജൻ, കെ.ജെ.പ്രസേനൻ, കെ.ആർ.വിദ്യാധരൻ, യോഗം മുൻ ബോർഡ് മെമ്പർ എസ്.സലിംകുമാർ, യൂണിയൻ കൗൺസിലർമാരായ ഡോ. കെ.രാജൻ, എം.രാധാകൃഷ്ണൻ, അഡ്വ. എൻ.മധു, ജി. ശ്രീകുമാർ, കെ.സദാനന്ദൻ, എൻ.ബാബു, പി.ഡി.രഘുനാഥൻ, യൂത്ത് മൂവ്മെന്റ് ജില്ലാ കൺവീനർ ശർമ്മ സോമരാജൻ, വനിതാസംഘം നേതാക്കളായ അംബികാ ദേവി, മധുകുമാരി, യൂത്ത് മൂവ്മെന്റ് നേതാക്കളായ നീലികുളം സിബു, ടി.ഡി.ശരത്ചന്ദ്രൻ, പെൺഷണേഴ്സ് യൂണിയൻ പ്രസിഡന്റ് കെ.വിശ്വനാഥൻ, എം.പ്ലോയീസ് ഫോറം പ്രസിഡന്റ് ആർ.ബിനു എന്നിവർ സംസാരിച്ചു.