കൊല്ലം: ഗുരുദേവ കടാക്ഷമുള്ള കർമ്മധീരനായ സാരഥിയാണ് വെള്ളാപ്പള്ളി നടേശനെന്ന് ശ്രീനാരായണ ഗുരു ഓപ്പൺ സർവകലാശാല പി.വി.സി ഡോ. എസ്.വി. സുധീർ പറഞ്ഞു. യോഗത്തിന്റെയും ട്രസ്റ്റിന്റെയും അമരത്ത് വെള്ളാപ്പള്ളി നടേശൻ 25 വർഷം പൂർത്തിയാക്കുന്നതിന്റെ ആഘോഷ പരിപാടികളുടെ ഭാഗമായി കൊല്ലം എസ്.എൻ വനിതാ കോളേജിൽ നടന്ന സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
അദ്ദേഹത്തിന്റെ മുൻഗാമികളിൽ പലർക്കും രാഷ്ട്രീയത്തിന്റെയും അധികാരത്തിന്റെയും പിൻബലം ഉണ്ടായിരുന്നു. ഇത് രണ്ടുമില്ലാതെയാണ് വെള്ളാപ്പള്ളി നടേശൻ യോഗത്തെയും ട്രസ്റ്റിനെയും നയിക്കുന്നത്. അദ്ദേഹം സാരഥ്യം ഏറ്രെടുക്കുന്നതിന് മുൻപുള്ള 25 വർഷക്കാലവുമായി താരതമ്യം ചെയ്യുമ്പോഴാണ് നേട്ടങ്ങളുടെ ആഴം വ്യക്തമാകുന്നതെന്നും എസ്.വി. സുധീർ പറഞ്ഞു. പ്രിൻസിപ്പൽ ഡോ. നിഷ ജെ.തറയിൽ അദ്ധ്യക്ഷത വഹിച്ചു. ഡോ.പി.ജി. ചിത്ര സ്വാഗതവും കെ.വി. ശിവപ്രകാശ് നന്ദിയും പറഞ്ഞു.