ഇടത് മുന്നണി സ്ഥാനാർത്ഥികൾ വിജയിച്ചു
പുനലൂർ: ഉറുകുന്ന് സർവീസ് സഹകരണ ബാങ്ക് ഭരണസമിതി തിരഞ്ഞെടുപ്പിനിടെ യു.ഡി.എഫ്, എൽ.ഡി.എഫ് പ്രവർത്തകർ തമ്മിൽ വാക്കേറ്റവും ഉന്തും തള്ളും. സ്ഥാനാർത്ഥികളുടെ സ്ലിപ്പ് നൽകുന്നതിനെ തുടർന്നുണ്ടായ തർക്കമാണ് സംഘർഷത്തിൽ കലാശിച്ചത്. സ്ഥലത്ത് ക്യാമ്പ് ചെയ്തിരുന്ന പൊലീസ് പ്രവർത്തകരെ പിന്തിരിപ്പിച്ചതോടെ ഇരു വിഭാഗവും പിൻവാങ്ങി. ഇന്നലെ രാവിലെ 11.30 ഓടെ ഒറ്റക്കൽ ഗവ. ഹയർ സെക്കൻഡറി സ്കൂളിലായിരുന്നു സംഭവം. രാവിലെ ആരംഭിച്ച തിരഞ്ഞെടുപ്പ് വൈകിട്ടാണ് അവസാനിച്ചത്. തിരഞ്ഞെടുപ്പിനെ തുടർന്ന് പുനലൂർ ഡിവൈ.എസ്.പി ബി. വിനോദിൻെന്റെ നേതൃത്വത്തിൽ വൻ പൊലീസ് സംഘം സ്ഥലത്ത് ക്യാമ്പ് ചെയ്തിരുന്നു. തിരഞ്ഞെടുപ്പിന് ശേഷം ഇന്നലെ വൈകിട്ട് ഫലപ്രഖ്യാപനവും നടന്നു. യു.ഡി.എഫിലെ മുഴുവൻ സ്ഥാനാർത്ഥികളെയും പരാജയപ്പെടുത്തി ഇടത് മുന്നണിയുടെ നേതൃത്വത്തിൽ മത്സരിച്ച എല്ലാ സ്ഥാനാർത്ഥികളും വലിയ ഭൂരിപക്ഷത്തിൽ വിജയിച്ചു. ഇടത് മുന്നണിയിലെ കെ.എസ്. അശോകൻ, ജെ. കമലാസനൻ, വി.എസ്. മണി, ആർ. മോഹനൻ നായർ, ആർ. രതീഷ്, വിനോദ് തോമസ്, അഡ്വ. എൻ.ജെ. രാജൻ, പി. രാജി, ബി. ഷീബ, സിംലാ ബീവി എന്നിവരെയാണ് വോട്ടിംഗിലൂടെ തിരഞ്ഞെടുത്തത്. ഇടത് മുന്നണി സ്ഥാനാർത്ഥിയായ സുരേഷ് കുമാറിനെ നേരത്തേ എതിരില്ലാതെ തിരഞ്ഞെടുത്തിരുന്നു. ഫലപ്രഖ്യാപനത്തിന് ശേഷം ഇടത് മുന്നണി പ്രവർത്തകർ ആഹ്ലാദ പ്രകടനം നടത്തി. സി.പി.എം പുനലൂർ ഏരിയാ സെക്രട്ടറി എസ്. ബിജു, സി.പി.എം മണ്ഡലം സെക്രട്ടറി സി. അജയപ്രസാദ്, കെ. രാധാകൃഷ്ണൻ, വി.എസ്. മണി, എൻ.ജെ. രാജൻ, ആർ. മോഹൻ, ആർ. സുരേഷ്, കെ.എസ്. അശോകൻ, ജെ. കമലാസനൻ തുടങ്ങിയവർ പ്രകടനത്തിന് നേതൃത്വം നൽകി.