 
കൊല്ലം: കല്ലുപാലത്തിന് പകരമുള്ള പുതിയ പാലത്തിന്റെ നിർമ്മാണം അനന്തമായി നീളുന്നതു കാരണം കച്ചവടം നഷ്ടമായ വ്യാപാരികൾക്കും തൊഴിൽ നഷ്ടമായ ജീവനക്കാർക്കും കരാറുകാരനിൽ നിന്നു നഷ്ടപരിഹാരം ഈടാക്കണമെന്ന് ആവശ്യപ്പെട്ട് യൂത്ത് കോൺഗ്രസ് ഹൈക്കോടതിയിൽ പൊതുതാല്പര്യ ഹർജി ഫയൽ ചെയ്യും. നിർമ്മാണം നീളുന്നതിനാൽ ഉണ്ടാകുന്ന ഗതാഗത പ്രശ്നം, അന്തരീക്ഷ മലിനീകരണം തുടങ്ങിയവയ്ക്ക് കരാറുകാരനിൽ നിന്ന് പിഴ ഈടാക്കണമെന്ന് ഹർജിയിൽ ആവശ്യപ്പെടുമെന്ന് സംസ്ഥാന സെക്രട്ടറി വിഷ്ണു സുനിൽ പന്തളം പറഞ്ഞു.
പാലത്തിന്റെ ഇരുകരകളോടും ചേർന്നുള്ള അഞ്ച് കച്ചവട സ്ഥാപനങ്ങൾ ഗതാഗത സൗകര്യമില്ലാത്തതിനാൽ ഇതിനോടകം അടയ്ക്കേണ്ടി വന്നു. ആളെത്താതെ കച്ചവടം ഇടിഞ്ഞ 15 സ്ഥാപനങ്ങൾ അടച്ചുപൂട്ടലിന്റെ വക്കിലാണ്. വരുമാനമില്ലാത്തതിനാൽ ഈ സ്ഥാപനങ്ങൾ പലതും ജീവനക്കാരെ കുറച്ചു. ഇതിനു പുറമേ ചാമക്കട- ലക്ഷ്മിനട റോഡിലെ ഒട്ടുമിക്ക വ്യാപാര സ്ഥാപനങ്ങളുടെയും കച്ചവടം പാലം നിർമ്മാണം കാരണം അവതാളത്തിലായിട്ടുണ്ട്. പുതിയ പലം നിർമ്മാണത്തിന്റെ യഥാർത്ഥ കരാർ കാലാവധി അവസാനിച്ച ശേഷമുള്ള ഒരു വർഷത്തിനിടെ മാത്രം ഒരുകോടിയോളം രൂപയുടെ നഷ്ടം ഉണ്ടായെന്നാണ് വ്യാപാരികൾ പറയുന്നത്.
 കരാറിൽ ദുരൂഹത
4.87 കോടി എസ്റ്റിമേറ്റ് അടിസ്ഥാനമാക്കി നടന്ന ടെണ്ടറിൽ 3.94 കോടിക്കാണ് ആദ്യം കരാർ ഉറപ്പിച്ചത്.
ജലഗതാഗത സൗകര്യം 16ൽ നിന്നു 19 മീറ്ററായി ഉയർത്താൻ എസ്റ്റിമേറ്റ് പരിഷ്കരിച്ചു. കേവലം മൂന്ന് മീറ്ററിന്റെ വർദ്ധനവിനായി ഒന്നരക്കോടിയിലേറെ രൂപയുടെ അധിക പ്രവൃത്തികളാണ് എസ്റ്റിമേറ്റിൽ തിരുകിക്കയറ്റിയത്. ഇതിന്റെ അടിസ്ഥാനത്തിൽ കരാർ തുക 5 കോടിയായി ഉയർത്തി. ഇത്, കുറഞ്ഞ തുകയ്ക്ക് ടെണ്ടർ പിടിച്ച കരാറുകാരന് കൂടുതൽ സാമ്പത്തിക നേട്ടം ഉണ്ടാക്കാനാണെന്നാണ് സംശയം ഉയർത്തുന്നത്.
....................................
കല്ലുപാലം നിർമ്മാണം അനന്തമായി നീളുന്നതിനാൽ നൂറുകണക്കിന് പേർക്ക് തൊഴിലും വരുമാനവും നഷ്ടമായിട്ടും സ്ഥലം എം.എൽ.എ പുലർത്തുന്ന നിസംഗത സംശായസ്പദമാണ്. കരാറുകാരും ജനപ്രതിനിധികളും ഉദ്യോഗസ്ഥരും തമ്മിൽ അവിശുദ്ധ കൂട്ടുകെട്ടുണ്ടെന്ന് എം.എൽ.എയുടെ പാർട്ടിക്കാരനായ മന്ത്രി തന്നെ പറഞ്ഞിട്ടുണ്ട്. എം.എൽ.എ കരാറുകാരനോടുള്ള വിനീത വിധേയത്വം അവസാനിപ്പിച്ച് ജനങ്ങളുടെ ദുരിതങ്ങൾക്ക് പരിഹാരം കാണാൻ തയ്യാറാകണം
വിഷ്ണു സുനിൽ പന്തളം, യൂത്ത് കോൺഗ്രസ് സംസ്ഥാന സെക്രട്ടറി