കുളത്തൂപ്പുഴ: ഡോ. അംബേദ്കറുടെ അറുപത്തിയഞ്ചാം സ്മൃതിദിന സമ്മേളനം ആദിവാസി ദളിത് മുന്നേറ്റ സമിതിയുടെ നേതൃത്വത്തിൽ അരിപ്പ സമരഭൂമിയിൽ സംഘടിപ്പിച്ചു. സമരഭൂമിയിലെ വിവിധ കൗണ്ടറുകളിൽ അംബേദ്കറുടെ ഛായാ ചിത്രത്തിൽ പുഷ്പാർച്ചന നടത്തി. ആദിവാസി ദളിത് മുന്നേറ്റ സമിതി സംസ്ഥാന പ്രസിഡന്റ് രാമൻ കൊയ്യോൻ ഉദ്ഘാടനം ചെയ്തു. ഭരണഘടന ഉറപ്പു നൽകുന്ന സാമൂഹ്യ നീതിയും ജാതി സംവരണവും വെല്ലുവിളി നേരിടുന്ന സാഹചര്യത്തിൽ ദളിത് വിഭാഗങ്ങൾ രാഷ്ട്രീയ ശക്തിയായി മാറേണ്ട കാലം അതിക്രമിച്ചു കഴിഞ്ഞെന്ന് അദ്ദേഹം പറഞ്ഞു. വി. രമേശൻ അദ്ധ്യക്ഷത വഹിച്ചു. നേതാക്കളായ പി. മണി, വി.സി. വിജയൻ എന്നിവർ സംസാരിച്ചു.